കൊലപാതകം, മയക്കുമരുന്ന് കടത്ത് കേസുകൾ; കുപ്രസിദ്ധ കുറ്റവാളി കിനാഹാനെ അയർലൻഡിന് കൈമാറി യു.എ.ഇ
text_fieldsഡാനിയൽ കിനാഹാൻ
അബൂദബി: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവനും നിരവധി കൊലപാതകം, മയക്കുമരുന്ന് കടത്ത്, പണമിടപാട് കേസുകളിൽ പ്രതിയുമായ ഡാനിയൽ കിനാഹാനെ യു.എ.ഇ അയർലൻഡ് അധികൃതർക്ക് കൈമാറി. ദുബൈ കോർട്ട് ഓഫ് കസേഷന്റെ അന്തിമ ഉത്തരവിനെയും ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാറിനെയും തുടർന്നാണ് ഈ നടപടി.
2016ൽ അയർലൻഡിലെ എതിർസംഘത്തിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് കിനാഹാൻ ദുബൈയിലേക്ക് കടന്നത്. 2022ൽ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം കിനാഹാനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
നിയമവാഴ്ച നടപ്പാക്കുന്നതിലും അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന്‍റെ തെളിവാണ് ഈ നടപടിയെന്ന് യു.എ.ഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമിയും അയർലൻഡ് നീതിന്യായ മന്ത്രി ജിം ഓ കല്ലഗനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് യു.എ.ഇ ഒരു കാലത്തും സുരക്ഷിത താവളമായിരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് അബ്ദുല്ല ബിൻ സുൽത്താൻ വ്യക്തമാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിന് അന്താരാഷ്ട്ര നീതിന്യായ ഏജൻസികളുമായി ചേർന്ന് യു.എ.ഇ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ദേശീയ കമ്മിറ്റി വൈസ് ചെയർമാൻ ഹമീദ് അൽ സാബി വ്യക്തമാക്കി. മുൻപും ബെൽജിയം, ഇന്ത്യ, റഷ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി കുപ്രസിദ്ധ കുറ്റവാളികളെ യു.എ.ഇ സമാനമായ രീതിയിൽ കൈമാറിയിട്ടുണ്ട്. നീതിപൂർവമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിന് യു.എ.ഇ അധികൃതർക്കും നീതിന്യായ സംവിധാനങ്ങൾക്കും അയർലൻഡ് മന്ത്രി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

