പിടികിട്ടാപ്പുള്ളിയെ ഇന്ത്യക്ക് കൈമാറി യു.എ.ഇ
text_fieldsദുബൈ: നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ യു.എ.ഇ ഇന്ത്യക്ക് കൈമാറി. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ചൂതാട്ടം തുടങ്ങിയ കേസുകളിൽ പ്രതിയായ, അഹമ്മാബാദ് സ്വദേശി ഹർഷിത് ബാബുലാൽ ജയിനിനെയാണ് യു.എ.ഇ ഇന്ത്യക്ക് കൈമാറിയതെന്ന് സി.ബി.ഐ വാർത്ത കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിലെത്തിച്ച പ്രതിയെ സി.ബി.ഐ ഗുജറാത്ത് പൊലീസിന് കൈമാറി. ഗജറാത്ത് പൊലീസിന്‍റെ അഭ്യർഥനയിൽ 2023ലാണ് ഇയാൾക്കെതിരെ ഇന്‍റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും യു.എ.ഇ ആഭ്യന്തര മന്ത്രാലയവുമായും കൈകോർത്താണ് പ്രതിയെ പിടികൂടിയും തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതും.
ഇന്ത്യയിലെ വിവിധ ബാങ്കുകൾ വഴി ഏതാണ്ട് 2,300 കോടി രൂപയുടെ ഇടപാട് നടന്ന വാതുവെപ്പ് റാക്കറ്റിലെ പ്രധാന പ്രതിയാണ് ഹർഷിത് ബാബുലാൽ ജയിൻ എന്നാണ് ഗുജറാത്ത് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് 481 എകൗണ്ടുകളിലായി വ്യാപിച്ചുകിടക്കുന്ന 9.62 കോടി രൂപയും അനധികൃത ഇടപാടുമായി ബന്ധമുള്ള 1,500 എകൗണ്ടുകളും മരവിപ്പിച്ചതായി സ്റ്റേറ്റ് മോണിറ്ററിങ് സെല്ലിന്‍റെ (എസ്.എം.സി) ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നിർലിപ്ത റായ് പറഞ്ഞു. ഇന്‍റർപോൾ റെഡ്നോട്ടീസിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2023 മാർച്ചിൽ അഹമ്മദാബാദിലെ വാണിജ്യ കെട്ടിിടത്തിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇയാൾ രാജ്യം വിടുന്നത്. തുടർന്ന് എസ്.എം.സി അന്വേഷിച്ചുവരികയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാതുവെപ്പുമായി ഇടപാടാണ് കണ്ടെത്തിയതെന്നാണ് ഗുജറാത്ത് പൊലീസിന്‍റെ അവകാശവാദം. അതേസമയം, ഇന്‍റർപോളിന്‍റെ സഹകരണത്തിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 100ലധികം പ്രതികളെയാണ് ഇന്ത്യയിലെത്തിച്ചതെന്ന് സി.ബി.ഐ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

