ഇന്ത്യക്ക് കൂടുതൽ സഹായവുമായി യു.എ.ഇ
text_fieldsയു.എ.ഇയിൽനിന്ന് കപ്പലിൽ ഗുജറാത്തിലെ മുൻദ്ര പോർട്ടിലെത്തിച്ച ഓക്‌സിജൻ ടാങ്കറുകൾ
ദുബൈ: കോവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യക്ക് കൂടുതൽ സഹായവുമായി യു.എ.ഇ. ഏഴ് ടാങ്ക് ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ കൂടി കപ്പൽമാർഗം ഇന്ത്യയിൽ എത്തിച്ചു. ദുബെയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ മുൻദ്ര പോർട്ടിലെത്തി. ഇന്ത്യയിൽ കപ്പൽ മാർഗമെത്തുന്ന ആദ്യത്തെ ലിക്വിഡ് മെഡിക്കൽ ഓക്സിജനാണിത്.
യു.എ.ഇയുടെ സഹായത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുമ്പും വിമാന മാർഗം യു.എ.ഇ ഓക്‌സിജൻ കണ്ടെയ്നറുകൾ അയച്ചിരുന്നു. ഇതിനുപുറമെ 157 വെൻറിലേറ്റർ അടക്കം മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിൽ എത്തിച്ചിരുന്നു.
ഓക്‌സിജൻ സിലിണ്ടർ അയച്ച് പ്രവാസികളും
അബൂദബി: ഇന്ത്യൻജനതക്ക് ആശ്വാസംപകരാൻ ഓക്‌സിജൻ സിലിണ്ടർ അയച്ച് പ്രവാസികളും. അബൂദബി കേന്ദ്രമായ ത്രിവേണി എന്ന ഇന്ത്യൻ സമൂഹിക സംഘം മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് 100 ഓക്‌സിജൻ സിലിണ്ടറുകൾ അയച്ചു. യു.എ.ഇയിൽ താമസിക്കുന്ന 140 ഓളം പേരാണ് ഇതിന് സംഭാവന നൽകിയതെന്ന് ഗ്രൂപ് മെംബർ മനോജ് മുനിശ്വർ പറഞ്ഞു.
ദുബൈ ആസ്ഥാനമായ ഓക്‌സിജൻ സിലിണ്ടർ ട്രേഡിങ് കമ്പനിയിൽനിന്നാണ് ഗ്രൂപ് സിലിണ്ടറുകൾ വാങ്ങി ജബൽ അലി തുറമുഖംവഴി മുംബൈയിലേക്ക് കയറ്റിയയച്ചത്. 12 ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തുന്ന സിലിണ്ടറുകൾ മുംെബെ തുറമുഖത്തുനിന്ന് റോഡ് മാർഗം നാഗ്പൂരിലെത്തിക്കും.
ലോക മണ്ഡൽ ഫൗണ്ടേഷൻ എന്നപേരിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സർക്കാറിതര സംഘടനയുമായി ചേർന്നാണ് സംഘം സാമൂഹിക പ്രവർത്തം നടത്തുന്നതെന്നും ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുമെന്നും ഗ്രൂപ് അംഗം സന്ദേഷ് ഉബെ പറഞ്ഞു. കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കി ഇന്ത്യൻ സർക്കാർ പിന്തുണ നൽകി. നാഗ്പൂർ നഗരത്തിലെ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ലോക് മണ്ഡൽ സംഘടനയുടെ തലവൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ ഇതിനെ പിന്തുണക്കാൻ പണം അയച്ചിരുന്നു.
എന്നാൽ, ആവശ്യകത വീണ്ടും വർധിച്ചപ്പോൾ സിലിണ്ടറുകൾ അയക്കാൻ തീരുമാനിക്കുകയായിരുന്നു. ചെലവ് താരതമ്യപ്പെടുത്തിയപ്പോൾ യു.എ.ഇയിൽ ഓക്‌സിജൻ വാതകം വളരെ വിലക്കുറവിൽ ലഭ്യമാകുമെന്ന് ബോധ്യപ്പെട്ടു. കയറ്റുമതി ഫീസ് ഉൾപ്പെടെ കുറഞ്ഞ ചെലവിൽ ഇന്ത്യയിലെത്തിക്കാമെന്നതും പദ്ധതിക്ക് ആക്കംകൂട്ടി.
യു.എ.ഇയിൽ 40 ലിറ്റർ സിലിണ്ടറിന് 470 ദിർഹം മുതൽ 600 ദിർഹം വരെയാണ് വില. ഇന്ത്യയിൽ 2500 ദിർഹമിെൻറ മുകളിലാണ് വില. ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാൻ സംഘം ശ്രമിച്ചെങ്കിലും 24 മണിക്കൂർ വൈദ്യുതി ആവശ്യമുള്ളതിനാൽ ഇന്ത്യയിൽ ഇത് പ്രായോഗികമല്ലെന്നു മനസ്സിലാക്കിയാണ് ഓക്‌സിജൻ സിലിണ്ടറുകൾ അയക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

