കടുത്ത ആശങ്ക അറിയിച്ച് യു.എ.ഇ; സംഘർഷം ഉടൻ അവസാനിപ്പിക്കണം
text_fieldsഅബൂദബി: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യു.എസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെ മേഖലയിൽ സംഘർഷം വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യു.എ.ഇ. സ്ഥിതിഗതികൾ കൂടുതൽ മോശമാവുന്നത് തടയാൻ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നയതന്ത്രങ്ങളിലൂടെയും പരസ്പര ചർച്ചകളിലൂടെയും തർക്കം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. മേഖലയിലുടനീളം സമാധാനവും സ്ഥിരതയും അഭിവൃദ്ധിയും നീതിയും പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ നിയമചട്ടക്കൂടുകൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു.
നിലവിൽ സംഭവിക്കുന്നത് വൈകാരികവും അപകടകരവുമായ കാര്യങ്ങളാണ്. അതിന് വിശാലവും സുസ്ഥിരവുമായ പരിഹാരത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുകയാണ്.
സംഘർഷം ഇനിയും നീളുന്നത് മേഖലക്കും ജനങ്ങൾക്കും വലിയ ഭീഷണി സൃഷ്ടിക്കും. മേഖലയിൽ ദീർഘനാളായി നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഐക്യരാഷ്ട്ര സഭയും യു.എൻ സുരക്ഷ കൗൺസിലും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണം. നിർണായകമായ സന്ദർഭമാണിത്. സംഘർഷം വർധിക്കുന്നത് മേഖലക്ക് മാത്രമല്ല, ആഗോള സുസ്ഥിരതക്കും ഭീഷണിയാണ്. ഈ സന്ദർഭത്തിൽ അറിവും ഉത്തരവാദിത്തവും നിർണായകമാണെന്ന് യു.എ.ഇ വിശ്വസിക്കുന്നു.
നിർണായകമായ ഈ വെല്ലുവിളികളെ നേരിടുന്നതിന് അർഥവത്തായ ഇടപെടലുകളും ചർച്ചകളുമാണ് വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ മുൻകാല അനുഭവങ്ങളും സംഘർഷങ്ങളും കൂടുതൽ വഷളാകുന്നത് ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികളും അവ നൽകുന്ന പാഠങ്ങളും ഈ സന്ദർഭത്തിൽ ഓർക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
യു.എ.ഇയെ ബാധിക്കില്ലെന്ന് എഫ്.എ.എൻ.ആർ
ദുബൈ: ഇറാൻ ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ബോംബാക്രമണങ്ങളുടെ പ്രത്യാഘാതം നിലവിൽ യു.എ.ഇയെ ബാധിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എ.എൻ.ആർ) വ്യക്തമാക്കി.
ഇറാൻ ആണവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി കൈകോർത്ത് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. മേഖലയിലെ സ്ഥിതിഗതികളുടെ തൽസമയ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്നും എഫ്.എ.എൻ.ആർ അറിയിച്ചു.
നിലവിൽ നടന്നുവരുന്ന നിരീക്ഷണ, വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഇറാൻ ആണവ നിലയങ്ങളിലുണ്ടായ യു.എസ് ബോംബാക്രമണം യു.എ.ഇയെ ഒരു തരത്തിലും ബാധിക്കില്ല. അതോടൊപ്പം ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും ഒഴിവാക്കുന്നതിന് ഔദ്യോഗികഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് അതോറിറ്റി ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

