ആഘോഷരാവ്: ദുബൈ എക്സ്പോ 2021
text_fieldsഎക്സ്പോ 2020ന് ആശംസയർപ്പിച്ച് ലൈറ്റുകൾ തെളിഞ്ഞ അബൂദബി എമിറേറ്റ്സ് പാലസ്
ദുബൈ: അറബ് ലോകത്തിന് ഇന്ന് ആഘോഷരാവ്. ആറു വർഷത്തെ കാത്തിരിപ്പിനും ഒരുക്കത്തിനുമൊടുവിൽ മഹാമേളക്ക് ഇന്ന് തിരശ്ശീലയുയരുേമ്പാൾ നാട് ഉറങ്ങാതെ കൂടെയുണ്ടാകും. അൽവാസൽ പ്ലാസയിലെ ഉദ്ഘാടന ചടങ്ങും വിസ്മയമൊരുക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും നേരിൽ കാണാൻ കഴിയാത്തവർക്ക് തത്സമയം വീക്ഷിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകൾ, മാൾ, പൊതുസ്ഥലങ്ങൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിൽ ഉദ്ഘാടന ചടങ്ങ് കാണാൻ കഴിയും.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ 430 സ്ഥലങ്ങളിൽ തത്സമയ സംപ്രേഷണം കാണാൻ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. ദുബൈ, അബൂദബി വിമാനത്താവളങ്ങളിലെ ചില ടെർമിനലുകളിൽ ബിഗ് സ്ക്രീനുകളുണ്ടാകും. മാജിദ് അൽ ഫുത്തൈമിെൻറ 17 മാളുകൾ, സിറ്റിവാക്ക്, നഖീൽ മാൾ, ഇബ്നു ബത്തൂത്ത മാൾ, ദുബൈയിലെയും അബൂദബിയിലെയും 50 ജാഷൻമാൾ, 97 മെഡിക്ലിനിക്കുകൾ, സബീൽ ലേഡി ക്ലബ്, ഷറഫ് ഡി.ജി എന്നിവിടങ്ങളിൽ സ്ക്രീനുകൾ ഒരുക്കും. ഇതിനു പുറമെ 240 വൻകിട ഹോട്ടലുകളിലും ഉദ്ഘാടന ചടങ്ങ് കാണാം. അർമാനി, റോവ്, അഡ്രസ് ഹോട്ടൽസ് ആൻഡ് റിേസാർട്ട്, വൈദ ഹോട്ടൽസ്, മാരിയറ്റ്, ഹിൽട്ടൺ, ഐ.എച്ച്.ജി, റൊട്ടാന, ജുമൈറ, ഹയാത്ത് ഇൻറർനാഷനൽ, അറ്റ്ലാൻറിസ് തുടങ്ങിയ ഹോട്ടലുകളിലിരുന്ന് ഉദ്ഘാടന ചടങ്ങ് ആസ്വദിക്കാം.
ഉമ്മുൽഖുവൈെൻറ വിവിധ ഭാഗങ്ങൾ, അബൂദബി യാസ് പ്ലാസ, റാസൽ ഖൈമ കോർണിഷ്, അൽ മർജാൻ ഐലൻഡ്, മനാർ മാൾ, അജ്മാൻ ഹെറിറ്റേജ് ഡിസ്ട്രിക്ട്, ഫുജൈറ ഫോർട്ട് എന്നിവിടങ്ങളിലും തത്സമയ സംപ്രേഷണം കാണാം. വീട്ടിലിരിക്കുന്നവർക്ക് virtualexpo.world എന്ന വെബ്സൈറ്റ് വഴിയോ എക്സ്പോ ടി.വിയിലൂടെയോ ഉദ്ഘാടനം കാണാം. എക്സ്പോയുടെ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും സംപ്രേഷണമുണ്ടാകും. ഉദ്ഘാടന ചടങ്ങ് അവസാനിച്ചാലും ആഘോഷം അവസാനിക്കുന്നില്ല. വെള്ളിയാഴ്ച ദുബൈ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ആഘോഷം അരങ്ങേറും. ദുബൈ ഫെസ്റ്റിവൽസിറ്റി, പാം ജുമൈറയിലെ പൊയെൻറ എന്നിവിടങ്ങളിൽ വർണം വാരിവിതറുന്ന വെടിക്കെട്ട് അരങ്ങേറും. ഇതോടൊപ്പം ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ടാകും. ദുബൈ ഫ്രെയിം എക്സ്പോയുടെ നിറങ്ങളാൽ മിന്നിത്തിളങ്ങും. എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ ഇവിടെ തെളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

