രവീന്ദ്ര ഗാനങ്ങളിലൂടെ സംഗീത യാത്ര ഫുജൈറയിൽ
text_fieldsദുബൈ: അനശ്വര സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ‘രവീന്ദ്രം’ എന്ന പേരില്‍ സംഗീത പരിപാടി നടത്തുന്നു. 22 വര്‍ഷമായി ഫുജൈറയിലെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘ഫല’ (ഫുജൈറ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍), ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇവന്റൈഡ്‌സ് നടത്തുന്ന പരിപാടി ഒക്‌ടോബര്‍ ആറിന് ഫുജൈറ ഖലീഫ ഹാളിലാണ് നടക്കുക.
ബിജു നാരായണന്‍, സുദീപ് കുമാര്‍, പന്തളം ബാലന്‍, മൃദുല വാര്യര്‍ തുടങ്ങിയ പിന്നണി ഗായകര്‍ രവീന്ദ്ര ഗാനങ്ങള്‍ അവതരിപ്പിക്കും. ഇവരോടൊപ്പം, യുഎഇയിലെ യുവ ഗായകരുമുണ്ടാകും. രവീന്ദ്രന്‍ മാസ്റ്ററുടെ മക്കളായ സംഗീത സംവിധായകന്‍ സാജന്‍ മാധവ്, തമിഴ് സംവിധായകന്‍ രാജന്‍ മാധവ്, ഗായകന്‍ നവീന്‍ മാധവ്, രവീന്ദ്രന്‍ മാസ്റ്ററുടെ പത്‌നി ശോഭാ രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
മാസ്റ്ററുടെ കുടുംബത്തിെൻറ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലോക പര്യടനത്തിെൻറ തുടക്കം കൂടിയായിരിക്കും ഈ പരിപാടിയെന്നും ‘ഫല’ മുഖ്യ രക്ഷാധികാരിയും ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ് പ്രസിഡൻറുമായ ഡോ. പുത്തൂര്‍ റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതേ വേദിയില്‍ ഫല രവീന്ദ്രന്‍ സംഗീത് മ്യൂസിക് അവാര്‍ഡുകൾ വിതരണം ചെയ്യും. ഒപ്പം, ന്ധര്‍വ ഗായകന്‍ ഡോ. കെ.ജെ യേശുദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണി ('ബാഹുബലി' ഫെയിം) എന്നിവരെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. മികച്ച ഗായകന്‍ നജീം അര്‍ഷാദ്, ഗായിക ശ്വേതാ മോഹന്‍, നവാഗത സംഗീത സംവിധായകന്‍ വിഷ്ണു വിജയ്, ഗാനരചന ഷിബു ചക്രവര്‍ത്തി, സംഗീത സംവിധായകന്‍ രാഹുല്‍രാജ്, ജനപ്രിയ ഗാനം ശ്രേയ ജയ്ദീപ് (കൊച്ചു ശ്രേയ), ഉപകരണ സംഗീതം ഫ്‌ളൂട്ട് ചേര്‍ത്തല രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ റഹ്മാന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഷോയുടെ സംവിധാനം നിര്‍വഹിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ റോബിന്‍ തിരുമലയാണ്. പുത്തൂര്‍ റഹ്മാന് പുറമെ, സംവിധായകന്‍ റോബിന്‍ തിരുമല, ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ അന്‍വര്‍ നഹ, ഫല ജന.സെക്രട്ടറി സഞ്ജീവ് വി.എ, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സവാദ് യൂസുഫ്, പ്രസിഡൻറ് എ.കെ നജീം, വൈസ് പ്രസിഡൻറ് സുഭഗന്‍ തങ്കപ്പന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജന.സെക്രട്ടറി നാസറുദ്ദീന്‍, യാസിര്‍ ഹമീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
