മൂന്നാം വയസ്സിൽ അനാഥൻ; ഗസ്സയിലെ ഹാതിമിന് കരുതലായി ഇമാറാത്ത്
text_fieldsഹാതിം അവാദ് ആശുപത്രിയിൽ
ദുബൈ: മൂന്നു വയസ്സുകാരൻ ഹാതിം അവാദിന്റെ കുടുംബത്തിൽ ഇനിയാരും ബാക്കിയില്ല. ഗസ്സയിലെ ഹാതിമിന്റെ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അവരെല്ലാവരും കൊല്ലപ്പെടുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ അവൻ മാത്രം ജീവന്റെ തുടിപ്പുമായി അവശേഷിച്ചു. ആരോരുമില്ലാതെ അനാഥനായ അവനിപ്പോൾ യു.എ.ഇയിൽ എത്തിയിരിക്കുകയാണ്. ഗസ്സയിലെ സാധാരണക്കാരെ സഹായിക്കുന്നതിന് രാജ്യം പ്രഖ്യാപിച്ച ഓപറേഷൻ ഷിവൽറസ് നൈറ്റ് 3യുടെ ഭാഗമായാണ് ചികിൽസക്കായി ഹാതിം അബൂദബിയിലെത്തിയത്.
ജൂൺ 12നാണ് ഗസ്സയിൽ നിന്ന് കുട്ടിയെ യു.എ.ഇയിൽ എത്തിച്ചത്. നിലവിൽ ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ സമഗ്ര ചികിത്സക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും നില മെച്ചപ്പെട്ടുവരുന്നതായും ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽഖാദർ അൽ മിസാബി പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതൽ നിരവധി പേരെ ഗസ്സയിൽ നിന്ന് ചികിത്സക്കായി യു.എ.ഇയിലെത്തിച്ചിട്ടുണ്ട്.
ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് തുടക്കംമുതൽ യു.എ.ഇ സഹായമെത്തിക്കുന്നുണ്ട്. 2,000ലേറെ ടൺ അവശ്യവസ്തുക്കൾ അടങ്ങുന്ന കപ്പൽ കഴിഞ്ഞ ആഴ്ച ഗസ്സയിലേക്ക് അയച്ചിരുന്നു. ഭക്ഷണം, മരുന്ന്, ധാന്യങ്ങൾ അടക്കമുള്ള 2100 ടൺ അവശ്യവസ്തുക്കളുമായി യു.എ.ഇയിൽനിന്നുള്ള കപ്പൽ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്താണ് നങ്കൂരമിട്ടത്. ഇവിടെ നിന്ന് 123 ട്രക്കുകളിൽ സഹായങ്ങൾ ഗസ്സയിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തിക്കും. ഈ മാസം യു.എ.ഇ ഗസ്സയിലെത്തിക്കുന്ന രണ്ടാമത്തെ സഹായമാണിത്. ജൂൺ ആദ്യത്തിൽ 1,039 ടൺ സഹായം മേഖലയിലെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

