നിക്ഷേപക മേഖലക്ക് കരുത്തുപകരാൻ പുതിയ മന്ത്രാലയം
text_fieldsഅബൂദബി: രാജ്യത്തിന്റെ നിക്ഷേപ നയം രൂപപ്പെടുത്തുന്നതിനും മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നേതൃത്വം നൽകാൻ പ്രത്യേക നിക്ഷേപ മന്ത്രാലയം സ്ഥാപിക്കുന്നു. അബൂദബി അൽ വത്ൻ കൊട്ടാരത്തിൽ ചേർന്ന യു.എ.ഇ മന്ത്രിസഭ യോഗ തീരുമാനമനുസരിച്ചാണ് സുപ്രധാന നീക്കം. മുഹമ്മദ് ഹസൻ അൽ സുവൈദിയെ നിക്ഷേപക മന്ത്രിയായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിക്ഷേപ നയവും ലക്ഷ്യവും രൂപപ്പെടുത്തുക, മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക, നിയമനിർമാണവും നടപടിക്രമങ്ങളും പൂർത്തിയാക്കുക എന്നീ ചുമതലകളാണ് മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമായി നിശ്ചയിച്ചിട്ടുള്ളത്. ലോകത്തെ അതിവേഗം വളരുന്ന നിക്ഷേപക രാജ്യങ്ങളിലൊന്നെന്ന നിലയിൽ യു.എ.ഇക്ക് പുതിയ മന്ത്രാലയ രൂപവത്കരണം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ യോഗം ചേർന്നത്. നിലവിൽ പശ്ചിമേഷ്യയിലെ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. 2023ലെ കേർണി വിദേശ നിക്ഷേപ സൂചികപ്രകാരം ‘മെന’ മേഖലയിൽ വിദേശ നിക്ഷേപകർ ഏറ്റവും വിശ്വാസത്തിലെടുക്കുന്ന രാജ്യമാണ്. ഗ്രീൻഫീൽഡ് വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതുമാണ്.
അടുത്ത ഏഴു വർഷത്തിനകം പുനരുപയോഗ ഊർജത്തിന്റെ ഉൽപാദനം മൂന്നിരട്ടിയായി വർധിപ്പിക്കാൻ ദേശീയ ഊർജ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനായി ഈ കാലയളവിൽ 150 ബില്യൺ ദിർഹം മുതൽ 200 ബില്യൺ ദിർഹം വരെ നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചക്കനുസരിച്ച് ഊർജ ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് ഫിനാൻഷ്യൽ സ്റ്റബിലിറ്റി കൗൺസിൽ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതകൾ നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയുമാണ് കൗൺസിലിന്റെ ഉത്തരവാദിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.