ജീവനക്കാരുടെ മാതാപിതാക്കളെ അതിഥികളാക്കി യു.എ.ഇ. എലൈറ്റ് ഗ്രൂപ്പിൻ്റെ വേറിട്ട ആഘോഷം
text_fieldsഎലൈറ്റ് ഫസ്റ്റ് 2025ന് കാവ്യാമാധവൻ ദീപം തെളിയിക്കുന്നു
യു എ ഇ എലൈറ്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ ഓണം, ബക്രീദ്, ക്രിസ്തുമസ് ആഘോഷ പരിപാടി “എലൈറ്റ് ഫെസ്റ്റ് 2025” അജ്മാൻ കൾച്ചറൽ സെന്ററിൽ നടന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം ജീവനക്കാർ പങ്കെടുത്തു ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഉൽഘാടനം ചെയ്തു. ചലച്ചിത്ര അഭിനേത്രി കാവ്യ മാധവൻ മുഖ്യാതിഥിയായി.
കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന എട്ട് ജീവനക്കാരുടെ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ എട്ട് വർഷക്കാലത്തിനിടയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അറുപതോളം ജീവനക്കാരുടെ കുടുംബാംഗങ്ങളെ എലൈറ്റ് ഫെസ്റ്റിൻ്റെ ഭാഗമായി യു എ ഇയിൽ എത്തിച്ച് ആദരിച്ചിരുന്നു. 2017 ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
മക്കൾ ജോലിചെയ്യുന്ന സാഹചര്യങ്ങളെ രക്ഷിതാക്കൾ നേരിട്ട് കാണുകയും മനസിലാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് എലൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ ആർ ഹരികുമാർ മാധ്യമത്തോട് പറഞ്ഞു. പ്രത്യേകിച്ച് മാനദണ്ഡമൊന്നുമില്ലാതെ അപേക്ഷ നൽകുന്ന എല്ലാവരെയും പരിഗണിക്കും. രക്ഷിതാക്കളുടെ യാത്രാ ചിലവ് വിസ താമസ സൗകര്യം ഗൾഫിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനുള്ള ചിലവ് എല്ലാം കമ്പനി വഹിക്കും. കാവ്യ മാധവൻ, ഡോ. അബ്ദു സമദ് സമദാനി, ആർ. ഹരികുമാർ, കലാ ഹരികുമാർ, എലൈറ്റ് ക്ലബ് ഭാരവാഹികളായ ഉഷാ മേനോൻ, തൻസി, ഷർമി തുടങ്ങിയവർ ജീവനക്കാരുടെ രക്ഷിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് എലൈറ്റ് ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ ആർ. ഹരികുമാറും, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പിയും ചേർന്ന് “ലഹരിയെ തിരിച്ചറിയുക – ജീവിതത്തെ സംരക്ഷിക്കുക” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ചലച്ചിത്ര പിന്നണിഗായകരായ സുധീപ് കുമാർ, ചിത്ര അരുൺ, നൗഫൽ റഹ്മാൻ എന്നിവർ അവതരിപ്പിച്ച ഗാനമേളയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

