2024ൽ എ.എക്സ്.എൽ അബൂദബിയിലും ദുബൈയിലും കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കും
text_fieldsമിഡ്-സൈസ്ഡ് എസ്.യു.വി ഷാർക്സ്-5 പുറത്തിറക്കുന്ന
എ.എക്സ്.എൽ സി.ഇ.ഒ അലി ഇസ്ലാമി
ദുബൈ: അടുത്ത വർഷം ആദ്യപാദത്തിൽ അബൂദബിയിലും ദുബൈയിലും പുതിയ ഇലക്ട്രിക് കാർ നിർമാണ പ്ലാന്റുകൾ ആരംഭിക്കാൻ ആലോചിക്കുന്നതായി പ്രമുഖ കനേഡിയൻ കമ്പനിയായ എ.എക്സ്.എൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ (സി.ഇ.ഒ) അലി ഇസ്ലാമി പറഞ്ഞു. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. പുതിയ പ്ലാന്റ് വരുന്നതോടെ രാജ്യത്ത് നൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
യൂറോപ്പിലേക്കും ഏഷ്യയിലേക്കും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ഇടമെന്ന നിലയിൽ യു.എ.ഇയിൽ നിർമിക്കുന്ന കാർ അസംബ്ലി പ്ലാന്റ് ഏറെ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 50,000 യൂനിറ്റ് ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുക. സുസ്ഥിരതയിലേക്കുള്ള രാജ്യത്തിന്റെ ദീർഘയാത്രക്കും സുസ്ഥിര ഗതാഗതത്തിനും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ കമ്പനിയുടെ പ്രീമിയം മോഡൽ ഇലക്ട്രിക് വാഹനമായ മിഡ്-സൈസ്ഡ് എസ്.യു.വി ഷാർക്സ്-5 ദുബൈയിൽ പുറത്തിറക്കിയിരുന്നു.
അതേസമയം, 2022ൽ എം ഗ്ലോറി ഗ്രൂപ്പും ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രതിദിനം 10,000 ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന പ്ലാന്റ് തുറന്നിരുന്നു. ചൈനീസ് കമ്പനിയായ ബി.വൈ.ഡി, സ്വീഡിഷ് കമ്പനിയായ പോൾസ്റ്റർ എന്നിവയുമായി ചേർന്ന് രാജ്യത്ത് 30,000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അടുത്തിടെ അൽ ഫുട്ടെയിം ഇലക്ട്രിക് മൊബിലിറ്റി കമ്പനിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാലു വർഷമായി യു.എ.ഇയിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നതിനുള്ള പൊതുജന താൽപര്യം വർധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

