യു.എ.ഇ ഡ്രോണ്‍ യുഗത്തിലേക്ക് ചിറക് വിരിക്കുന്നു
text_fieldsഅബൂദബി: ഡ്രോണ്‍ സാങ്കേതിക വിദ്യ വിവിധ സേവന-രക്ഷാപ്രവര്‍ത്തന മേഖലകളില്‍ ഉപയോഗപ്പെടുത്തി യു.എ.ഇ മുന്നേറുന്നു. രക്ഷാദൗത്യങ്ങള്‍, നഗരനിരീക്ഷണം, സുരക്ഷാ പട്രോളിങ്, ഗതാഗത നിരീക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഡ്രോണുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയാണ് രാജ്യം.
യു.എ.ഇയില്‍ ദുബൈ എമിറേറ്റാണ് ഡ്രോണ്‍ ഉപയോഗത്തില്‍ ഏറെ താല്‍പര്യം കാണിക്കുന്നത്. മികച്ച ഡ്രോണുകള്‍ രൂപപ്പെടുത്തുന്നവര്‍ക്ക് ദുബൈ പത്ത് ലക്ഷം ദിര്‍ഹത്തിന്‍െറ പ്രാദേശിക അവാര്‍ഡും 36 ലക്ഷം ദിര്‍ഹത്തിന്‍െറ അന്താരാഷ്ട്ര അവാര്‍ഡും സമ്മാനിക്കുന്നു. ഡ്രോണ്‍ സാങ്കേതിക വിദ്യക്ക് ലോകത്തുള്ള ഒരേയൊരു അവാര്‍ഡ് ആണിത്.
മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ നിരീക്ഷിക്കുന്നതിനും ഉള്‍പ്രദേശങ്ങളില്‍ ഇത്തരം ലൈനുകളിലെ പ്രവൃത്തികള്‍ വീക്ഷിക്കുന്നതിനും ദുബൈ ജല-വൈദ്യുതി അതോറിറ്റി ഡ്രോണുകളുടെ സഹായം തേടുന്നു. ഫ്രീസോണ്‍ ടെക്നോളജി പാര്‍ക്കില്‍ സുരക്ഷാ പട്രോളിങ്ങിന് ദുബൈ സിലികോണ്‍ ഒയാസിസ് അതോറിറ്റി (ഡി.എസ്.ഒ.എ) ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നു.
അജ്മാന്‍ സമുദ്ര രക്ഷാദൗത്യ സംഘം അടുത്തയാഴ്ച ആദ്യത്തോടെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളെ ഉപയോഗിക്കാന്‍ ഒൗദ്യോഗിക നടപടികള്‍ സ്വീകരിക്കും. ഇതിനായി അധികൃതര്‍ പ്രത്യേകം ഡ്രോണുകള്‍ തയാറാക്കിയിട്ടുണ്ട്. പരീക്ഷണഘട്ടം വിജയകരമായതോടെയാണ് രക്ഷാദൗത്യം ഡ്രോണുകളെ ഏല്‍പിക്കാന്‍ തീരുമാനമായത്. പരീക്ഷണ ഘട്ടത്തില്‍ രണ്ടുപേരെ ഡ്രോണുകള്‍ രക്ഷിച്ചതായി അധികൃതര്‍ പറയുന്നു.
ഗതാഗത തടസ്സം, അപകടങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് റാസല്‍ഖൈമ എമിറേറ്റിലും ഡോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ റാസല്‍ഖൈമ സെന്‍ട്രല്‍ പൊലീസ് ഓപററ്റിങ് റൂമിലേക്ക് ഡ്രോണുകള്‍ തത്സമയ ഫോട്ടോകളും വീഡിയോകളും കൈമാറുന്നു.
ജി.സി.സി രാജ്യങ്ങളില്‍ യു.എ.ഇക്ക് പുറമെ കുവൈത്ത്, ഖത്തര്‍ രാജ്യങ്ങള്‍ മാത്രമേ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളൂ. സൈനിക കേന്ദ്രങ്ങള്‍, പൊതുജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, വിമാനത്താവളങ്ങള്‍ക്ക് സമീപം എന്നിവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. പകല്‍സമയത്തും തെളിഞ്ഞ അന്തരീക്ഷത്തിലും മാത്രമേ ഡ്രോണുകള്‍ പറത്താവൂ എന്നാണ് മറ്റൊരു നിബന്ധന. 122 മീറ്ററിലധികം ഉയരത്തില്‍ ഡ്രോണുകള്‍ പറത്തരുതെന്ന് ഖത്തറില്‍ പ്രത്യേകം നിയമവുമുണ്ട്. അതേസമയം, യു.എ.ഇയെ അപേക്ഷിച്ച് കുവൈത്തിലും ഖത്തറിലും ഡ്രോണ്‍ ഉപയോഗം വളരെ കുറവാണ്.
പൊതുജനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുമ്പോഴും അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഒഴിവാക്കാനുള്ള കൃത്യമായ നിയന്ത്രണങ്ങള്‍ യു.എ.ഇ സ്വീകരിക്കുന്നുണ്ട്. ദുബൈയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മിന്‍ഹാദ് എയര്‍ബേസ്, സ്കൈ ഡൈവ് ദുബൈ, ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നീ നാല് സ്ഥലങ്ങള്‍ ഡ്രോണ്‍രഹിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗത്തിന് പെര്‍മിറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) ഡ്രോണുകളുമായി ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങള്‍ തയാറാക്കി വരികയാണ്. ഡ്രോണ്‍ ഉപയോഗത്തിന് പുറമെ അവയുടെ വില്‍പന, ഇറക്കുമതി എന്നീ കാര്യങ്ങളിലും പുതിയ നിയമത്തില്‍ നിര്‍ദേശമുണ്ടാകും. പറപ്പിക്കാനുള്ള വലിയ ഡ്രോണുകളുടെ മാനദണ്ഡം, പൈലറ്റില്ലാവിമാനങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍, പൈലറ്റ് പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാല്‍ വിനോദത്തിനുള്ള ഡ്രോണുകള്‍ 2015 മാര്‍ച്ച് മുതല്‍ പുതിയ നിയമം കൊണ്ടുവരുന്നത് വരെ അബൂദബിയില്‍ നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
