ഇറാൻ സംഘർഷം നീളാം; അറബ് രാജ്യങ്ങളും ഇറാനും ചർച്ച വേണമെന്ന് യു.എ.ഇ
text_fieldsഡോ. അൻവർ ഗർഗാഷ്
ന്യൂയോർക്ക്: ഇറാൻ ബന്ധത്തിൽ പുതിയ മനോഭാവം സ്വീകരിക്കേണ്ടതുണ്ടെന്നും മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ഇറാനും അമേരിക്കയും തമ്മിൽ മാത്രമല്ല, ഇറാനും അറബ് രാജ്യങ്ങളും തമ്മിലും നടക്കണമെന്നും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. മേഖലയിലെ സംഘർഷം നീണ്ടുനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രശ്നങ്ങൾക്ക് മുന്നോട്ടുള്ള വഴി നയതന്ത്രത്തിലൂടെയുള്ള ചർച്ചകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിൽ ‘അൽ മോനിറ്റർ’ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ തങ്ങളെ മേഖലയുടെ പ്രബല ശക്തിയായി കാണുന്നുവെന്നും തന്ത്രപ്രധാന വിഷയങ്ങൾ അമേരിക്കയുമായി ചർച്ച ചെയ്യാനാണ് ഇറാൻ കൂടുതൽ താൽപര്യപ്പെടുന്നതെന്നും ഗർഗാഷ് പറഞ്ഞു.
‘നമുക്ക് ഒരു പുതിയ സമീപനം ആവശ്യമാണ്. നമുക്കെല്ലാവർക്കും എന്താണ് വേണ്ടത്, എന്തുതരത്തിലുള്ള സ്ഥിരതയാണ് മേഖലയിൽ ആഗ്രഹിക്കുന്നത്, സ്ഥിരതയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന വികസനം എങ്ങനെ സാധ്യമാക്കാം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കണം. ഇത്തരം ചർച്ചകൾ ഇറാൻ-അമേരിക്ക തലത്തിൽ നടക്കുന്നതിനൊപ്പം ഇറാനും അറബ് രാജ്യങ്ങളും തമ്മിലും നടക്കണം’ -ഗർഗാഷ് പറഞ്ഞു.
യു.എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗങ്ങൾ ന്യൂയോർക്കിൽ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. മേഖലാ സുരക്ഷയും ഇറാൻ സംഘർഷവും യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാൻ അടുത്ത കാലത്തേക്ക് അസ്ഥിരമായ സാഹചര്യം നേരിടാൻ സാധ്യതയുണ്ടെന്നും അതിനോട് യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ പൊരുത്തപ്പെടേണ്ടിവരുമെന്നും ഗർഗാഷ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അർഥം ഇറാനിൽ ഭരണകൂട മാറ്റം അനിവാര്യമായി സംഭവിക്കുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

