എട്ട് അവശ്യമരുന്നുകൾ വികസിപ്പിച്ച് യു.എ.ഇ
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: ദേശീയ മരുന്ന് സുരക്ഷ പദ്ധതിയുടെ ഭാഗമായി പ്രാദേശികമായി വികസിപ്പിച്ച എട്ട് അവശ്യ മരുന്നുകൾ അവതരിപ്പിച്ച് യു.എ.ഇ. അബൂദബി സർക്കാറിന് കീഴിലുള്ള ലൈഫ് സയൻസസ് കമ്പനിയായ മുബാദല ബയോയുടെ സബ്സിഡിയറി സ്ഥാപനങ്ങളിലുടനീളം മരുന്നുകൾ ലഭ്യമാകും. ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ രോഗികളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഉയർന്ന ആവശ്യകതയുള്ള മരുന്നുകളും പുതുതായി വികസിപ്പിച്ചവയിൽ ഉൾപ്പെടും.
രക്തക്കുഴലുകളിലും തലച്ചോറിലും രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന ആന്റിഗോകുലന്റായി റിവറോക്സാബാൻ, ബാക്ടീരിയ മൂലമുള്ള അണുബാധ തടയാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ആയ ലൈൻസോളിഡ്, ശസ്ത്രക്രിയക്ക് ശേഷം അനസ്തേഷ്യ തുടരാൻ ഉപയോഗിക്കുന്ന സുഗമ്മഡെക്സ്, ഗുരുതരമായ ഫംഗസ് അണുബാധകൾക്കുള്ള ആന്റിഫംഗലായ ഫ്ലൂക്കോണസോൾ, അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ഓക്കാനം, ഛർദി എന്നിവ തടയുന്ന ഒണ്ടാൻസെട്രോൺ, വേദന നിയന്ത്രണത്തിനായി ദീർഘനേരം പ്രവർത്തിക്കുന്ന ഒരു ലോക്കൽ അനസ്തെറ്റിക് ആയ ബുപിവാകൈൻ, ശ്വാസകോശത്തിൽനിന്ന് കഫം നീക്കംചെയ്യാൻ സഹായിക്കുന്ന സോഡിയം ക്ലോറൈഡ് ഇൻഹലേഷൻ സൊലൂഷൻ എന്നിവയാണ് വികസിപ്പിച്ചത്.
മുബാദല ബയോയുടെ വിവിധ കേന്ദ്രങ്ങളായ ഗൾഫ് ഇൻജെക്ട്, വെൽഫാർമ, ബയോവെൻച്വർ ഹെൽത്ത്കെയർ എന്നിവിടങ്ങളിലാണ് മരുന്നുകൾ വികസിപ്പിച്ചത്. രാജ്യത്തും ഗൾഫ് മേഖലയിലും ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ലൈഫ് സയൻസസിൽ മേഖലയിലെ ഏറ്റവും മികച്ച കേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തെ പിന്തുണക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

