രണ്ട് പിടികിട്ടാപ്പുള്ളികളെ നാടുകടത്തി യു.എ.ഇ
text_fieldsദുബൈ: സംഘടിത കുറ്റകൃത്യവിരുദ്ധ നടപടികളുടെ ഭാഗമായി രണ്ട് രാജ്യാന്തര കുറ്റവാളികളെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളുമായാണ് കുറ്റവാളി കൈമാറ്റം നടന്നത്.
ഇന്‍റർപോൾ റെഡ് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളേയും ദുബൈ പൊലീസ് യു.എ.ഇയിൽ നിന്ന് പിടികൂടുകയായിരുന്നു. കുറ്റവാളികളുടെ പേരുകൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതികളിൽ ഒരാളെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ ഫ്രഞ്ച് അതോറിറ്റി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സംഘത്തിന്‍റെ നേതാവിനെ സഹായിച്ചിരുന്നതും ഇയാളാണ്. മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടാമത്തെ പ്രതിക്കെതിരെ ബെൽജിയം അതോറിറ്റിയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര തലത്തിൽ നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇയുടെ പ്രതിബദ്ധതയാണ് ആഗോള തലത്തിൽ നടന്നുവരുന്ന കുറ്റവാളി കൈമാറ്റമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സമാനമായി നേരത്തെയും യു.എ.ഇ പിടികിട്ടാപ്പുള്ളികളെ വിദേശ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം ചൈനക്കാണ് കൊടുംകുറ്റവാളിയെ കൈമാറിയത്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളായ മൂന്ന് ബെൽജിയം പൗരൻമാരെ ജൂലൈ 13ന് യു.എ.ഇ സ്വദേശത്തേക്ക് നാടുകടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

