യു.എ.ഇ-ഡെന്മാർക്ക് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഡെന്മാർക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസനും കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ, സാമ്പത്തിക, വാണിജ്യ, നിക്ഷേപം, പുനരുപയോഗ ഊർജം തുടങ്ങി എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയായി. ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനും സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കുന്ന വിധത്തിൽ ഡെന്മാർക്കുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള യു.എ.ഇയുടെ താൽപര്യം ശൈഖ് അബ്ദുല്ല വ്യക്തമാക്കി. മിഡിലീസ്റ്റ് മേഖലയിലെ, പ്രത്യേകിച്ച് ഗസ്സയിലെ നിലവിലെ സംഭവവികാസങ്ങളും അവയുടെ സുരക്ഷയും മാനുഷിക പ്രത്യാഘാതങ്ങളും ചർച്ചയിൽ കടന്നുവന്നു. സിവിലിയന്മാർക്ക് മതിയായ മാനുഷിക, വൈദ്യസഹായം വിതരണം ചെയ്യാൻ അനുവദിക്കുന്നതിന് സുസ്ഥിരമായ വെടിനിർത്തലിൽ എത്തിച്ചേരാനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ സജീവമാകണമെന്ന് ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

