ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ നടപ്പാക്കുന്നു
text_fieldsദുബൈ: ഒാർഡർ ചെയ്ത വസ്തുക്കൾ പറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി കുതിച്ചോടുന്ന ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണം വരുന്നു. വാഹനാപകട നിരക്കിൽ വർധനവുണ്ടാവുന്നതും അപകടങ്ങളിൽ പെടുന്നത് ഏറെയും ഇരുചക്രവാഹനങ്ങളാവുന്നതും കണക്കിലെടുത്താണ് ദുബൈ പൊലീസ്, സാമ്പത്തിക വികസന വിഭാഗം (ഡി.ഇ.ഡി), ദുബൈ നഗരസഭ എന്നിവയുടെ സഹകരണത്തോടെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കുന്നത്.
ജൂൺ ആറു മുതലാണ് ചട്ടങ്ങൾ നിലവിൽ വരുക. ഇതു പ്രകാരം സാധനങ്ങൾ സൂക്ഷിക്കാനായി വാഹനങ്ങളിൽ സ്ഥാപിക്കുന്ന പെട്ടികളുടെ വലിപ്പത്തിലും രൂപത്തിലും മാറ്റം വേണ്ടി വരും. പെട്ടികളുടെ പരമാവധി വലിപ്പം 50x50x50 സെൻറിമീറ്ററാണ്.ഇവ വാഹനത്തിൽ വെൽഡു ചെയ്ത് ഘടിപ്പിക്കുന്നതിനു പകരം ആണിയടിച്ച് ഉറപ്പിച്ചിരിക്കണം. അറ്റം കൂർത്തു നിൽക്കരുത്. പുറം ഭാഗം പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച പെട്ടികളിൽ എല്ലാ വശങ്ങളിലും റിഫ്ലക്ടറുകളും ലൈറ്റുകളും വേണം. 20 മീറ്റർ അകലെ നിന്ന് വായിക്കാവുന്ന വിധം വ്യക്തമായി സ്ഥാപനത്തിെൻറ പേരും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാവണം, നിയന്ത്രണം തെറ്റുന്ന രീതിയിൽ പെട്ടികൾ വാഹനത്തിൽ നിന്ന് തുറിച്ചു നിൽക്കരുത് തുടങ്ങിയ നിബന്ധനകളാണ് ഏർപ്പെടുത്തുന്നത്.
ഇൗ വർഷം നടപ്പാക്കാൻ ആരംഭിക്കുമെങ്കിലും 2018 മാർച്ച് ആറു വരെ ഇതിനായി സമയം അനുവദിക്കുമെന്ന് ആർ.ടി.എ ലൈസൻസിംഗ് സി.ഇ.ഒ അഹ്മദ് ഹാഷിം ബെഹ്റൂസിയാൻ പറഞ്ഞു. നിബന്ധനകൾ നടപ്പിൽ വരുത്തുന്ന ചുമതല ദുബൈ പൊലീസ് നിർവഹിക്കും.പെട്ടികളുടെ ഘടനയും അവയിൽ വിതരണം ചെയ്യാവുന്ന വസ്തുക്കളും സംബന്ധിച്ച കാര്യങ്ങൾ നഗരസഭ തീരുമാനിക്കും, സ്ഥാപനങ്ങളെ ഇക്കാര്യങ്ങൾ അറിയിക്കുകയും നിഷ്കർഷിക്കുകയും ചെയ്യുന്ന ചുമതല ഡി.ഇ.ഡിയാണ് നിർവഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
