പുൽമേടുകൾ നാശമാക്കിയാൽ പിടിവീഴും
text_fieldsഷാർജ: തണുപ്പ് മരുഭൂമിയുടെ ഉത്സവമാണ്. മരകൊച്ചുന്ന തണുപ്പായാൽ പോലും ഒഴിവുദിനങ്ങളിൽ കുടുംബ സമ്മേതം മരുഭൂമിയിലും ഉദ്യാനങ്ങളിലും കടലോരങ്ങളിലും പോകുന്നവർ അനവധിയാണ്. എന്നാൽ ഇത്തരത്തിലുള്ള ആഘോഷ യാത്രകളിൽ വളരെ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. ലക്ഷങ്ങൾ ചിലവിട്ട് നട്ട് പരിപാലിച്ചുവരുന്ന പുൽമേടുകളും പൂച്ചെടികളും നാശമാക്കരുത്, മാലിന്യങ്ങൾ വലിച്ചെറിയരുത്, ഇറച്ചി ചുട്ട് തിന്നുന്നത് ശിശിര കാല യാത്രയുടെ ഭാഗമാണെങ്കിലും അതിന് മരുഭൂമിയിൽ മാത്രമെ അനുവാദമുള്ളു. അന്താരാഷ്ട്ര വിമാന താവള പരിധിയിൽ വരുന്ന മരുഭൂപ്രദേശങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ട്. ഷാർജയിലെ പ്രധാന കോർണിഷുകളായ ബുഹൈറ, മംസാർ, ഫിഷ്ത്ത്, അൽഖാൻ മേഖലകളിൽ മീൻ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഉല്ലസിക്കാനെത്തുന്ന ഷാർജ നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അൽ ഇത്തിഹാദ് ഉദ്യാനത്തിൽ പന്ത് കളി, സൈക്കിൾ സവാരി പോലുള്ള കായിക വിനോദങ്ങൾക്ക് അനുവാദമില്ല. പുൽമേടുകളും പൂക്കളും വൻതോതിൽ നാശമാകുന്നതിനെ തുടർന്നാണ് വിലക്ക്. മറ്റ് ഇടങ്ങളിലെ പുൽമേടുകളിലും ഈ നിയമം ബാധകമാണ്. ഉല്ലാസ മേഖലകളിൽ ഹുക്ക വലി വിലക്കിയിട്ടുണ്ട്.
ഇത്തരം നിയമംലംഘനങ്ങൾക്ക് 500 ദിർഹമായിരുന്നു ആദ്യഘട്ടത്തിൽ പിഴയെങ്കിൽ ഇപ്പോളത് 1000 ആക്കി ഉയർത്തിയിട്ടുണ്ട്. സന്ദർശകരെ ഇത് ബോധ്യപ്പെടുത്താനായി നിരവധി പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു. പ്രകൃതിയുടെ ശീതകാല മനോഹാരിതയിൽ ഉല്ലസിക്കാനെത്തുന്നവർക്ക് എല്ലാവിധ സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരത്തിെൻറ മുഖച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നിരോധിച്ചിട്ടുള്ളത്. മാലിന്യങ്ങൾ അതിനായി സ്ഥാപിക്കപ്പെട്ട തൊട്ടികളിൽ മാത്രം നിക്ഷേപിക്കണം. കടലിലേക്കും കരയിലേക്കും വലിച്ചെറിയുന്നത് പൂർണമായും ഒഴിവാക്കണം. പ്രകൃതിക്ക് ദോഷം വരുത്തുന്ന പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 993 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
