ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷയായി നല്‍കുന്ന സാമൂഹിക സേവനങ്ങള്‍ പ്രഖ്യാപിച്ചു
text_fieldsഅബൂദബി: ചെറിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ശിക്ഷയായി വിധിക്കുന്ന സാമൂഹിക സേവനങ്ങളുടെ പട്ടിക അബൂദബി നീതിന്യായ വകുപ്പ് പ്രഖ്യാപിച്ചു. പള്ളികള്‍, തെരുവുകള്‍, പാര്‍ക്കുകള്‍ എന്നിവ വൃത്തിയാക്കലും പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സഹായിക്കലും ആണ് പ്രധാനമായി പട്ടികയിലുള്ളത്. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സാമൂഹിക സേവന പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് നീതിന്യായ വകുപ്പ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ആറ് മാസത്തില്‍ കൂടാത്ത തടവ് വിധിക്കുന്ന കുറ്റങ്ങള്‍ക്കാണ് സാമൂഹിക സേവനം ശിക്ഷയായി നല്‍കുക.
കുറ്റവാളികള്‍ക്കുള്ള സാമൂഹിക സേവനം ജീവകാരുണ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടതും സര്‍ക്കാര്‍, ബിസിനസ് മേഖലകളിലും ആയിരിക്കും. കുറ്റവാളികളെ മന$ശാസ്ത്രപരമായും ധാര്‍മികയായും പരിഷ്കരിക്കുകയും സമൂഹത്തിലുള്ള അവരുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നീത്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി സഈദ് ആല്‍ അബ്റി പറഞ്ഞു. സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ഖുര്‍ആന്‍ മന$പാഠമാക്കല്‍, ജുവനൈല്‍ കേന്ദ്രം സന്ദര്‍ശിക്കല്‍, പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ കേന്ദ്രങ്ങളില്‍ സമയം ചെലവഴിക്കല്‍, രോഗികളുടെ യാത്രയില്‍ സഹായിക്കല്‍ എന്നീ കാര്യങ്ങളിലും ഏര്‍പ്പെടുത്തും.
റോഡ്, തെരുവ്, ബീച്ച്, പൊതു ഇടങ്ങള്‍, പ്രകൃതി സ്രോതസ്സുകള്‍ എന്നിവ വൃത്തിയാക്കല്‍ ടിക്കറ്റ് വില്‍പന, പൊതു ലൈബ്രറികളുടെയും പാര്‍ക്കുകളുടെയും നവീകരണം, തുറമുഖത്ത് കണ്ടെയ്നറുകളില്‍നിന്ന് ചരക്ക് ഇറക്കലും കയറ്റലും, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ സഹായിക്കല്‍ എന്നിവക്കും കുറ്റക്കാരെ നിയോഗിക്കും. സര്‍ക്കാര്‍ ഭരണകാര്യ ഓഫിസുകളിലും ആരോഗ്യക്രേന്ദ്രങ്ങളിലും ക്ളറിക്കല്‍ ജോലിക്കും ഭക്ഷ്യനിയന്ത്രണ വിഭാഗത്തിലെ ഡ്രൈവറായും പൊതുജനത്തിന് ഉപകാരപ്രദമാകുന്ന മറ്റു ജോലികള്‍ക്കും നിയോഗിക്കുമെന്നും സഈദ് ആല്‍ അബ്റി വ്യക്തമാക്കി. സാമൂഹിക സേവനം നിര്‍വഹിക്കാന്‍ വിസമ്മതിക്കുന്നവര്‍ സാമൂഹിക സേവനത്തിന്‍െറ അതേ കാലയളവ് ജയില്‍വാസം അനുഭവിക്കണമെന്ന് കോടതി ഉത്തരവിടും. സാമൂഹിക സേവനം ഇടക്ക് വെച്ച് നിര്‍ത്തുന്നവര്‍ ബാക്കി കാലയളവ് ജയിലില്‍ കഴിയേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
