ഗോൾഡൻ വിസക്കാർക്ക് യു.എ.ഇ കോൺസുലാർ സേവനം
text_fieldsദുബൈ: അടിയന്തര സാഹചര്യങ്ങളിൽ യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് കോൺസുലർ സേവനം നലകുമെന്ന് വിദേശകാര്യ മന്ത്രാലയം. ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ വിദേശത്ത് സഹായം ആവശ്യമായി വരുമ്പോഴാണ് പുതിയ സംവിധാനം ഉപകാരപ്പെടുക. മലയാളികളടക്കമുള്ള ഗോൾഡൻ വിസക്കാർക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.
വിദേശത്ത് മരണപ്പെടുന്ന ഗോൾഡൻ വിസക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും സേവനം ലഭ്യമാകും. പ്രയാസകരമായ സമയങ്ങളിൽ പ്രവാസികളുടെ കുടുംബങ്ങൾക്ക് എല്ലാ ഇടപാടുകളും വേഗത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. സേവനം ലഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം പ്രത്യേകമായ ഹോട്ട്ലൈൻ നമ്പറും പുറത്തുവിട്ടിട്ടുണ്ട്.
ദുരന്തമുഖങ്ങളിൽനിന്ന് ഒഴിപ്പിക്കുമ്പോഴും അടിയന്തര സഹായം നൽകുമ്പോഴും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ലഭ്യമാക്കുന്ന സേവനങ്ങൾ ഇതുവഴി പ്രവാസികൾക്കും ലഭ്യമാകും. +97124931133 എന്നതാണ് ഹോട്ട്ലൈൻ നമ്പർ. മുഴുസമയവും ഈ സേവനം ലഭ്യമാണ്.
കൂടാതെ വിദേശത്തായിരിക്കുമ്പോൾ പാസ്‌പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ് അനുവദിച്ച് യു.എ.ഇയിലേക്ക് മടങ്ങാൻ സേവനം സൗകര്യമൊരുക്കും. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി ഇത് ആക്‌സസ് ചെയ്യാൻ കഴിയും.
2019ൽ ആദ്യമായി അവതരിപ്പിച്ച ഗോൾഡൻ വിസ വിസ ഉടമകൾക്ക് സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ യു.എ.ഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കും. നിക്ഷേപകർ, വിവിധ മേഖലകളിലെ വിദഗ്ദർ തുടങ്ങി അധ്യാപകർ, നഴ്സുമാർ, സാമൂഹികപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർക്ക് ഇതിനകം പത്തുവർഷ വിസ അനുവദിച്ചിട്ടുണ്ട്.
ദീർഘകാലം യു.എ.ഇയിൽ താമസിക്കാൻ അവസരമൊരുക്കുന്ന വിസ ഏറെ സവിശേഷതകളുള്ളതാണ്. പുതിയ സേവനം കൂടി പ്രഖ്യാപിക്കപ്പെട്ടത് ഗോൾഡൻ വിസ നേടുന്നതിന് കൂടുതൽ പ്രവാസികൾക്ക് പ്രോൽസാഹനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

