ഇസ്രായേലിന്റെ ജെനിൻ ആക്രമണത്തെ അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിൻ പ്രദേശത്ത് ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തെ അപലപിച്ച് യു.എ.ഇ. തുടർച്ചയായ ഇസ്രായേൽ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുണ്ടാകണമെന്നും വിദേശകാര്യ മന്ത്രാലയം ആഹ്വാനംചെയ്തു.
അതിക്രമം വ്യാപിക്കുന്നത് തടയുന്നതിനും കൂടുതൽ ജീവഹാനി സംഭവിക്കുന്നത് ഒഴിവാക്കാനും യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളുണ്ടാകണം.
അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിച്ച് സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകേണ്ടതുണ്ട് -മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കാനും അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തും മേഖലയിലും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നത് ഒഴിവാക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കുമായി മന്ത്രാലയം ആവശ്യപ്പെട്ടു.
മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണക്കേണ്ടത് അനിവാര്യമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെക്കുന്ന നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കണം.
സമാധാനവും നീതിയും ഉറപ്പിക്കുന്നതിനും സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടുന്നതിനും യു.എ.ഇ പിന്തുണ നൽകും -പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

