‘പ്രകോപനപരം’; സൗദിക്കെതിരായ നെതന്യാഹുവിന്‍റെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: ഫലസ്തീൻ രാഷ്ട്രം സൗദി അറേബ്യയിൽ സ്ഥാപിക്കണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യു.എ.ഇ. പ്രസ്താവന അപലപനീയവും പ്രകോപനപരവുമാണെന്ന് വ്യക്തമാക്കിയ യു.എ.ഇ സഹമന്ത്രി ഖലീഫ ബിൻ ശഹീൻ അൽ മറാർ, സൗദിക്ക് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൗദിയുടെ സുരക്ഷക്കും സ്ഥിരതക്കും അഖണ്ഡതക്കുമെതിരായ എല്ലാ ഭീഷണികൾക്കുമെതിരെ രാജ്യത്തിന്‍റെ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു. നെതന്യാഹുവിന്‍റെ പ്രസ്താവന അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്ര സഭ ചാർട്ടറുകൾക്ക് എതിരുമാണ്. സൗദി അറേബ്യയുടെ പരമാധികാരം ഒരു രാജ്യത്തിനും ദുർബലപ്പെടുത്താനോ ലംഘിക്കാനോ കഴിയാത്ത ‘ചുവപ്പ് രേഖ’യായിട്ടാണ് യു.എ.ഇ കണക്കാക്കുന്നത്- പ്രസ്താവന വ്യക്തമാക്കി.
ഫലസ്തീനികളുടെ നിഷേധിക്കാനാവാത്ത അവകാശങ്ങളുടെ മേലുള്ള ഏതൊരു ലംഘനത്തെയും കുടിയിറക്കൽ ശ്രമങ്ങളെയും യു.എ.ഇ ശക്തമായി നിരാകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക സ്ഥിരതക്ക് ഭീഷണിയാകുന്നതും സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അവസരങ്ങളെ ദുർബലപ്പെടുത്തുന്നതുമായ ഏതൊരു കുടിയേറ്റ പ്രവർത്തനങ്ങളും നിർത്തലാക്കണം. കൂടാതെ, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സഭയോടും യു.എൻ സുരക്ഷാ കൗൺസിലിനോടും ആഹ്വാനം ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള യു.എ.ഇയുടെ ചരിത്രപരവും ഉറച്ചതുമായ നിലപാട് ഖലീഫ ഷഹീൻ പ്രസ്താവനയിൽ ആവർത്തിച്ചു. സംഘർഷം പരിഹരിക്കുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾ വേണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാൻ കഴിയൂവെന്നും പ്രസ്താവന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

