വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയല്ലാതെ ശമ്പളം നൽകിയ കമ്പനികൾക്ക് പിഴ ചുമത്തി
text_fieldsദുബൈ: വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴിയല്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകിയ കമ്പനികൾക്ക് പിഴ ചുമത്തി. കഴിഞ്ഞവർഷം ഇത്തരത്തിൽ 33,000 കേസുകൾ രാജ്യത്ത് കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ രീതിയായ ഡബ്ല്യു.പി.എസ് പാലിക്കാത്തതിന് കമ്പനികൾക്ക് ചുമത്തുന്ന പിഴയുടെ സ്വഭാവമോ തുകയോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലുടമകളും ഈ സംവിധാനം ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം നൽകാൻ നിയമം നിഷ്കർഷിക്കുന്നുണ്ട്. നിയമലംഘനങ്ങൾക്ക് വർക്ക് പെർമിറ്റ് വിതരണം താൽക്കാലികമായി നിർത്തിവെക്കലും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് നിയമത്തിൽ പറയുന്നത്.
2023ൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച 509 കമ്പനികളെ പബ്ലിക്ക് പ്രോസിക്യൂഷന് റഫർ ചെയ്തതായും മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത 55 കമ്പനികളെയും കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ റിക്രൂട്ട്മെൻറ് നടത്തിയതിന് അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്തു. സേവനം ലഭിക്കുന്നതിന് മന്ത്രാലയത്തിന് തെറ്റായ രേഖകളോ ഡേറ്റയോ നൽകിയതിന് 1,200ലധികം കേസുകളിൽ പിഴ ചുമത്തിയിട്ടുണ്ട്. അതോടൊപ്പം തൊഴിലാളികളുടെ താമസത്തിന് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിന് 76 കേസുകളുമെടുത്തതായി അധികൃതർ വ്യക്തമാക്കി. മന്ത്രാലയം കഴിഞ്ഞ വർഷം 4.3 ലക്ഷം പരിശോധനകൾ നടത്തുകയും 75,000 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വ്യാജ എമിറേറ്റൈസേഷൻ ഉൾപ്പെടെ, സ്വദേശിവത്കരണ തീരുമാനങ്ങളും നയങ്ങളും ലംഘിച്ചതിന് 1,077 കമ്പനികൾ 2022 പകുതി മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

