എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ചു; 24 പേരെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്
text_fieldsഷാർജ: ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട 24 പേരെ രക്ഷിച്ച് യു.എ.ഇ കോസ്റ്റ് ഗാർഡ്. ഖോർഫുക്കാനിൽ നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. എണ്ണക്കപ്പലായ അഡാലിനിലെ ജീവനക്കാരെയാണ് രക്ഷിച്ചത്.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ച 1.40നാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോർഫുക്കാൻ തുറമുഖത്തെത്തിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തന ബോട്ടുകളിലാണ് ജീവനക്കാരെ രക്ഷിച്ചതെന്നും നാഷനൽ ഗാർഡ് എക്സ് അക്കൗണ്ട് വഴി അറിയിച്ചു.
‘ഫ്രണ്ട് ഈഗ്ൾ’ എന്ന അമേരിക്കൻ കപ്പലുമായാണ് ‘അഡാലിൻ’ കൂട്ടിയിടിച്ചതെന്നാണ് വിവരം. ഇറാഖിലെ ബസ്റ ഓയിൽ ടെർമിനലിൽനിന്ന് പുറപ്പെട്ടതാണ് അമേരിക്കൻ കപ്പലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലുകളിൽ തീപടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേഖലയിലെ സമീപകാല സംഘർഷങ്ങളുമായി കൂട്ടിയിടിക്ക് ബന്ധമില്ലെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷ സ്ഥാപനമായ ആംബ്രെ അറിയിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും സമീപ ദിവസങ്ങളിലായി വാണിജ്യ കപ്പലുകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം യു.എ.ഇയുടെ സമുദ്രാതിർത്തിയിലുണ്ടായ രണ്ട് അപകടങ്ങളിൽ 16 പേരെ നാഷനൽ ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. മുങ്ങിക്കൊണ്ടിരുന്ന ചരക്ക് കപ്പലിൽനിന്ന് പരിക്കേറ്റ മൂന്നു നാവികരെയും മുങ്ങിക്കൊണ്ടിരുന്ന പിക്നിക് ബോട്ടിൽനിന്ന് 13 പേരെയുമാണ് നാഷനൽ ഗാർഡ് രക്ഷപ്പെടുത്തിയിരുന്നത്. നൂതന സംവിധാനങ്ങളുപയോഗിച്ചാണ് നാഷനൽ ഗാർഡ് വിവിധ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

