യു.എ.ഇയിൽ പണമടക്കാൻ മുഖമോ കൈപ്പത്തിയോ കാണിച്ചാൽ മതി; പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കമിട്ട് യു.എ.ഇ സെൻട്രൽ ബാങ്ക്
text_fieldsദുബൈ: കൈപ്പത്തിയോ മുഖമോ കാണിച്ച് പണമടക്കാവുന്ന ബയോമെട്രിക് പേയ്മെന്റ് സംവിധാനത്തിന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ). ഇതാദ്യമായാണ് നൂതന പേയ്മെന്റ് സംവിധാനം മിഡിൽ ഈസ്റ്റിൽ അവതരിപ്പിക്കുന്നത്. പേയ്മെന്റ് സ്ഥാപനമായ നെറ്റ്വർക്ക് ഇന്‍റർനാഷനലുമായി കൈകോർത്ത് എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസിലെ സാൻഡ് ബോക്സ് പ്രോഗ്രാം ആൻഡ് ഇന്നോവേഷൻ ഹബ്ബിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടിരിക്കുന്നത്.
ഡബിറ്റ്/ക്രഡിറ്റ് കാർഡുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുടെ ആവശ്യമില്ലാതെ ഫേഷ്യൽ, പാം ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പേയ്മെന്റ് നടപടികൾ പൂർത്തീകരിക്കാൻ ഇതുവഴി സാധിക്കും. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ ദുബൈ സർക്കാർ സ്ഥാപനമായ ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്‍റിൽ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്. ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് അവരുടെ മുഖമോ കൈപ്പത്തിയോ സ്കാൻ ചെയ്തുകൊണ്ട് ഇടപാടുകൾ പൂർത്തിയാക്കാനാവും. ബയോമെട്രിക് ഓതറ്റിക്കേഷൻ സാങ്കേതിക വിദ്യകളിൽ വിദഗ്ധരായ പോപ്ഐഡിയുടെ പിൻബലത്തിലാണ് നെറ്റ്വർക്ക് ഇന്‍റർനാഷനൽ പുതിയ പേയ്മെന്റ് പരിഹാരമാർഗം അവതരിപ്പിക്കുന്നത്.
യു.എ.ഇയുടെ ഡിജിറ്റൽ നയത്തേയും സുരക്ഷിതവും എല്ലാവരേയും ഉൾകൊള്ളുന്നതും നൂനതവുമായ ദേശീയ പേയ്മെന്റ് സംവിധാനത്തിനായുള്ള വിപുലമായ ശ്രമങ്ങളേയും പിന്തുണക്കുന്നതാണ് പുതിയ സംരംഭമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. പുതിയ ആശയങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തിലും സി.ബി.യു.എ.യു ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇത്തരം സംരംഭങ്ങൾ എന്ന് ബാങ്കിങ് ഓപറേഷൻസ് ആൻഡ് സപോർട്ട് സർവിസസ് അസി. ഗവർണർ സെയ്ഫ് ഹുമൈദ് അൽ ദാഹ്രി പറഞ്ഞു.
കൂടുതൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ പേയ്മെന്റ് അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതിനുള്ള നയപരമായ നടപടികളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പദ്ധതി എപ്പോൾ വിപുലമായി നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കേന്ദ്ര ബാങ്ക് സൂചന നൽകിയിട്ടില്ല. കൂടുതൽ ഇടങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കുന്നതിന് മുമ്പായി വ്യവസ്ഥകൾക്ക് വിധേമായി സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

