സൗദി ദേശീയദിനം ആഘോഷിച്ച് യു.എ.ഇ
text_fieldsസൗദി ദേശീയ ദിനത്തിൽ ആശംസയർപ്പിച്ച് നിറമണിഞ്ഞ ദുബൈ ഫ്രെയിമും ബുർജ് ഖലീഫയും
ദുബൈ: സൗദി അറേബ്യയുടെ ദേശീയദിനം ആഘോഷമാക്കി യു.എ.ഇയും. രാജ്യത്തെ പ്രധാന കെട്ടിടങ്ങളും ഓഫിസുകളുമെല്ലാം സൗദി ദേശീയ പതാകയുടെ നിറമണിഞ്ഞു. വിവിധ സ്ഥലങ്ങളിൽ വെടിക്കെട്ടും നടന്നു. മാളുകളും ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 26വരെ ആഘോഷം നീണ്ടുനിൽക്കും.
ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഐൻ ദുബൈ, ദുബൈ ഫ്രെയിം തുടങ്ങിയവ ആശംസയറിയിച്ച് സൗദി പതാകയാൽ തിളങ്ങി. യു.എ.ഇയുടെയും സൗദിയുടെയും സൗഹൃദം വരച്ചുകാണിക്കുന്നതായിരുന്നു ഇവിടെ നടന്ന ലൈറ്റ് ഷോ.
റോഡുകളിലെ ബോർഡുകളിലും സൗദിക്ക് ആശംസവാക്കുകൾ തെളിഞ്ഞു. ബുർജിനു താഴെയുള്ള ഫൗണ്ടെയിനും സൗദിമയമായിരുന്നു. ഇത് കാണാൻ സൗദി പൗരന്മാരടക്കം നിരവധി പേർ എത്തിയിരുന്നു. ബീച്ചിൽ രാത്രി ഒമ്പതിന് വർണാഭമായ വെടിക്കെട്ട് നടന്നു. താമസിക്കാനെത്തുന്നവർക്ക് ഹോട്ടലുകൾ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചത്തെ താമസത്തിന് അഞ്ചുദിവസത്തെ നിരക്ക് നൽകിയാൽ മതി.
ദുബൈ മാളിലെ റീട്ടെയിൽ ഔട്ട്ലറ്റുകൾ 25 മുതൽ 75 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രം, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്തുക്കൾ, കണ്ണട, ഗൃഹോപകരണം, ഇലക്ട്രോണിക്സ്, പാർഫസി, ഹൈപർമാർക്കറ്റ് തുടങ്ങിയ ഇടങ്ങളിലാണ് കിഴിവ്. സെപ്റ്റംബർ 30വരെ അറേബ്യൻ ഊദിന് 40 ശതമാനം ഇളവുണ്ട്. ചില സ്ഥാപനങ്ങൾ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. ഭക്ഷണ പ്രേമികൾക്ക് സിറ്റി വാക്കിലും ലെ മറിലും നിരവധി ഓഫറുകളുണ്ട്. ഔട്ട്ലറ്റ് വില്ലേജിലും ബ്ലൂ വാട്ടേഴ്സിലും തത്സമയ സംഗീത പരിപാടി നടന്നു. ശനിയാഴ്ച ദുബൈ കൊക്കകോള അരീനയിൽ പ്രശസ്ത അറബ് ഗായകരായ അസ്സല നസ്റി, ഫുവാദ് അബ്ദുൽ വാഹിദ്, അസീൽ ഹമീം തുടങ്ങിയവർ അണിനിരക്കുന്ന സംഗീതനിശ അരങ്ങേറും. ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, മിർദിഫ് സിറ്റി സെന്റർ, നഖീൽ മാൾ തുടങ്ങിയ ഇടങ്ങളിലും ആഘോഷം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

