തിമിർത്ത് ആഘോഷിച്ച് യു.എ.ഇ; ബുർജിലും എക്സ്പോയിലും വിസ്മയമായി വെടിക്കെട്ട്
text_fieldsപുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന വെടിക്കെട്ട്
ചിത്രം: മുഹമ്മദ് ഷാഫി
ദുബൈ: പാതിരാവരെ നീണ്ട പുതുവത്സരാഘോഷങ്ങളിൽ ദുബൈയിൽ ഏറ്റവും ശ്രദ്ധ നേടിയത് ബുർജ് ഖലീഫയിലെയും എക്സ്പോയിലെയും കരിമരുന്ന് പ്രയോഗങ്ങൾ. സ്വദേശികളും വിദേശികളും സഞ്ചാരികളും താമസക്കാരുമടക്കം ആയിരങ്ങളെ ആകർഷിച്ചാണ് രണ്ടിടങ്ങളിലും ശനിയാഴ്ച പുലരുവോളം ആഘോഷം അരങ്ങേറിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമായി ഏറ്റവും ഗംഭീരമായ വെടിക്കെട്ടാണ് ബുർജ് ഖലീഫയിലേത്. 1,77,000ത്തോളം കിലോഗ്രാം പടക്കം, 274 ലൈറ്റ് ഫിക്ചറുകൾ, 60 ലേസർ പ്രോജക്ടറുകൾ എന്നിവ ഇവിടെ ഉപയോഗിച്ചതായി സംഘാടകരായ 'ഇമാർ' ഗൂപ് വെളിപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് മുതൽ ബുർജ് പരിസരത്തെത്തിയ ആയിരങ്ങൾ പുലരുവോളം ആഘോഷങ്ങളിൽ തിമിർത്താടി.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കനത്ത സുരക്ഷയും 850 പ്രത്യേക വളന്റിയർമാരെയും ബുർജ് ഖലീഫ, ഡൗൺടൗൺ ദുബൈ എന്നിവിടങ്ങളിൽ തയ്യാറാക്കി നിർത്തിയിരുന്നു. എക്സ്പോയിൽ അൽ വസ്ൽ പ്ലാസയിലും ജൂബിലി പാർക്കിലും സംഗീതപരിപാടികൾ അരങ്ങേറി. പുലർച്ചെ 12നും മൂന്നിനും നടന്ന കൂറ്റൻ വെടിക്കെട്ടും അതിമനോഹരമായ കാഴ്ചയായി. അൽ വസ്ൽ പ്ലാസയിൽ അരങ്ങേറിയ 'ബാൾ ഡ്രോപ്' ഷോയും കാണികളെ ഹരംകൊള്ളിച്ചു. നൃത്ത-സംഗീത പരിപാടികൾക്കൊത്ത് ചുവടുവെക്കാൻ ആയിരങ്ങളാണ് കുടുംബാംഗങ്ങളോടൊപ്പം എത്തിയത്.
അൽ വസ്ൽ പ്ലാസയിലും ജൂബിലി പാർക്കിലും തിരക്ക് കാരണം പ്രവേശനത്തിന് നിയന്ത്രണവും സുരക്ഷയും ശക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ എക്സ്പോയിലെത്തിയ സന്ദർശകരിൽ പലരും ശനിയാഴ്ച രാവിലെ മൂന്നിന് നടന്ന വെടിക്കെട്ടും കണ്ടാണ് മടങ്ങിയത്. ബസ്, മെട്രോ സൗകര്യം പുലർച്ചവരെ ഒരുക്കിയത് യാത്രക്കാർക്ക് സൗകര്യമായി. എങ്കിലും യു.എ.ഇ ദേശീയദിനത്തിലെ തിരക്ക് എക്സ്പോയിൽ ദൃശ്യമായിരുന്നില്ല. കോവിഡ് ഭീതിയും മഴയും കാരണമായാണ് പലരും സന്ദർശനം വേണ്ടെന്നുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

