ഒട്ടകയാത്രക്ക് ഗ്ലോബൽ വില്ലേജിൽ സമാപനം
text_fieldsദുബൈ: ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സംഘടിപ്പിക്കുന്ന ‘യു.എ.ഇ കാമൽ ട്രക്കി’ന്റെ 9ാം എഡിഷന് ഗ്ലോബൽ വില്ലേജിൽ സമാപനം. അബൂദബിയിലെ അരാദയിൽനിന്ന് പുറപ്പെട്ട് 12 ദിവസത്തെ യാത്രക്കുശേഷമാണ് 34 ഒട്ടകങ്ങളും 15 രാജ്യങ്ങളിലെ റൈഡർമാരും പങ്കെടുത്ത ട്രക്കിങ് സമാപിച്ചത്. വിവിധ പ്രായക്കാരും സ്ത്രീകളും പുരുഷന്മാരും പങ്കാളികളാകുന്ന ലോകത്തെ ഏറ്റവും വലിയ വാർഷിക ഒട്ടകയാത്രയാണിത്.
യു.എ.ഇയിലെ പഴയകാല ബദവി ഗോത്രങ്ങൾ സഞ്ചരിച്ചിരുന്ന വഴികളിലൂടെയാണ് സംഘം യാത്രചെയ്തത്. റൈഡർമാർക്ക് ഒട്ടകങ്ങളെ നിയന്ത്രിക്കേണ്ടത് സംബന്ധിച്ചും മരുഭൂമിയിലെ ജീവിതത്തെ കുറിച്ചും നേരത്തേ പരിശീലനം നൽകിയിരുന്നു. യാത്രയിലുടനീളം വിവിധ വിശ്രമസ്ഥലങ്ങളിൽ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു. യാത്ര ജീവിതത്തിലെ മികച്ച അനുഭവമായിരുന്നെന്ന് അമേരിക്കൻ പൗരനായ ഇനോക്ക് കാസിൽബെറി പറഞ്ഞു. പ്രദേശിക സംസ്കാരത്തെ കുറിച്ച് കണ്ണുതുറപ്പിക്കുന്ന അനുഭവങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരാദയിൽ നിന്ന് തുടങ്ങി, താൽ മിറാബ്, അൽ ഖർസ, ഖസർ അൽ സറാബ്, അറേബ്യൻ ഓറിക്സ് റിസർവ്, ജമ്മുൽ അൻസ്, ഉമ്മുൽ ഹുബ്ബ്, അൽ അജ്ബാൻ, സെയ്ഹ് അൽസലാം തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ടാണ് ഗ്ലോബൽ വില്ലേജിൽ സമാപിച്ചത്.
യു.എ.ഇ, യു.എസ്.എ, യമൻ, ഫ്രാൻസ്, ഇന്ത്യ, ഇറ്റലി, യുകെ, റഷ്യ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ബ്രസീൽ, ജോർഡൻ, സിറിയ, ലക്സംബർഗ്, ജർമനി, ചൈന, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ട്രക്കിങ്ങിൽ പങ്കെടുത്തത്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക്കിന്റെ നേതൃത്വത്തിലാണ് കാരവൻ. യാത്രയിൽ പങ്കെടുക്കാനായി ഈ വർഷം 400ലധികം അപേക്ഷകൾ ലഭിച്ചിരുന്നു. ആഴ്ചകളോളം നീണ്ട കഠിനമായ പരിശീലനത്തിനും തയാറെടുപ്പിനും വിധേയരായവരിൽ നിന്ന് തിരഞ്ഞെടുത്തവരെയാണ് കാരവനിന്റെ ഭാഗമാക്കിയത്. കഴിഞ്ഞവർഷം ‘കാമൽ ട്രക്’ സംഘത്തെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വഴിയിൽ അഭിവാദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

