ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എ.ഇ; ശൈഖ് അബ്ദുല്ല നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി
text_fieldsശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ പുരോഗമിക്കുന്ന യു.എൻ പൊതുസഭയുടെ 80ാം സെഷനിടെയാണ് കൂടിക്കാഴ്ച നടന്നത്.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഗസ്സയിലെ രക്തരൂക്ഷിതമായ സംഘർഷവും സാധാരണക്കാർ നേരിടുന്ന ദുരിതങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത സംബന്ധിച്ച് ശൈഖ് അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
എല്ലാ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് യു.എ.ഇയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം, തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിനുള്ള യോജിച്ച ആഗോള നടപടി ആവശ്യമാണെന്നും പറഞ്ഞു.
ഗസ്സയിലെ സാധാരണക്കാരുടെ ദുരിതപൂർണമായ സാഹചര്യം പരിഹരിക്കുന്നതിന് മാനുഷിക സഹായം തടസ്സമില്ലാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഫലസ്തീൻ, ഇസ്രായേൽ ജനതകളുടെയും മേഖലയിലെ എല്ലാവരുടെയും ശാശ്വത സുരക്ഷക്കും സ്ഥിരതക്കും വേണ്ടി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും യു.എ.ഇ പിന്തുണക്കും.
സുരക്ഷ, സ്ഥിരത, സമൃദ്ധി, സുസ്ഥിര വികസനം എന്നിവക്കായുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ സഹിഷ്ണുത, സഹവർത്തിത്വം, മനുഷ്യ സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ സഹമന്ത്രി ലാന സാക്കി നുസൈബയും ഇസ്രായേലിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് മഹ്മൂദ് അൽ ഖാജയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

