യു.എ.ഇ-‘ബ്രിക്സ്’ വ്യാപാരബന്ധം കൂടുതൽ ശക്തമാകുന്നു
text_fields‘ബ്രിക്സ്’ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ ബ്രസീൽ പ്രസിഡന്റ് ലൂയി ലുലഡാ സിൽവയുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ബ്രിക്സു’മായുള്ള യു.എ.ഇയുടെ വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നു. ബ്രസീലിൽ നടക്കുന്ന ‘ബ്രിക്സ്’ ഉച്ചകോടിയുടെ ഭാഗമായ ബിസിനസ് ഫോറത്തിൽ പങ്കെടുത്തുകൊണ്ട് യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സയൂദിയാണ് കൂട്ടായ്മയിലെ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം വ്യക്തമാക്കിയത്. ലോജിസ്റ്റിക്സ്, കൃഷി, പുനരുപയോഗ ഊർജം, സാങ്കേതികവിദ്യ, ആരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ കൂടുതൽ സഹകരണത്തിന്റെ സാധ്യതകളും അദ്ദേഹം ബിസിനസ് ഫോറത്തിൽ പങ്കുവെച്ചു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇത്യോപ്യ, ഈജിപ്ത്, ഇറാൻ, യു.എ.ഇ എന്നീ പത്തംഗ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും ബിസിനസ് പ്രതിനിധികളുമാണ് ബ്രിക്സ് ബിസിനസ് ഫോറത്തിൽ പങ്കെടുത്തത്. ഈ രാജ്യങ്ങളിലെ പൊതു-സ്വകാര്യ മേഖലകൾക്ക് ലോകത്തിന്റെ നിലവിലെ സാമ്പത്തിക, ഭൗമ രാഷ്ട്രീയ അവസ്ഥകളെ എങ്ങനെ ഒരുമിച്ച് നേരിടാമെന്നതിനെക്കുറിച്ച കാഴ്ചപ്പാടുകളും ആശയങ്ങളും ഫോറത്തിൽ പരസ്പരം പങ്കുവെച്ചു.
യു.എ.ഇയും ബ്രിക്സ് രാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാര വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2024ൽ 243 ബില്യൺ യു.എസ് ഡോളറിന്റെ എണ്ണയിതര വ്യാപാരമാണ് യു.എ.ഇയും ഈ രാജ്യങ്ങളും തമ്മിൽ രേഖപ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് 10.5 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2025 ൽ എണ്ണയിതര വ്യാപാരം നിലവിൽ തന്നെ 68.3 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. 2024 ലെ അവസാന പാദത്തേക്കാൾ 2.4 ശതമാനം കൂടുതലാണിത്.ഞായറാഴ്ച ആരംഭിച്ച ‘ബ്രിക്സ്’ രാജ്യങ്ങളുടെ ഉച്ചകോടിയിൽ യു.എ.ഇ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയുടെ ആദ്യദിനത്തിൽ ബ്രസീൽ പ്രസിഡന്റ് ലൂയി ലുലഡാ സിൽവയുമായി ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. 2023 ആഗസ്റ്റിലാണ് സൗദി അറേബ്യ, ഈജിപ്ത്, ഇറാൻ, ഇത്യോപ്യ എന്നിവക്കൊപ്പം കൂട്ടായ്മയുടെ ഭാഗമാകാൻ യു.എ.ഇക്ക് ക്ഷണം ലഭിച്ചത്. 2024 ജനുവരിയിൽ ഔദ്യോഗികമായി ചേരുകയും ചെയ്തു. ബ്രിക്സ് രാജ്യങ്ങളുടെ 17ാമത് ഉച്ചകോടിക്കാണ് ബ്രസീലിലെ റെയോ ഡി ജനീറോ വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

