യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; ഏഴുപേർക്ക് പരിക്ക്
text_fieldsഖോർഫക്കാനിൽ കടലിൽ മുങ്ങിയ ഉല്ലാസബോട്ടുകളിൽ ഒന്ന്
ഷാർജ: ഖോർഫക്കാനിൽ ഇന്ത്യക്കാർ സഞ്ചരിച്ച രണ്ടു ഉല്ലാസബോട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്. തമിഴ് കുടുംബമാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിൽപെട്ടതാണ് ബോട്ടുകൾ മറിയാനിടയാക്കിയത്. ഖോർഫക്കാൻ ഷാർഖ് ദ്വീപിനുസമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
ജീവനക്കാരടക്കം മൊത്തം 10 പേരായിരുന്നു ഇരുബോട്ടുകളിലും സഞ്ചരിച്ചത്. മറിഞ്ഞ ഒരു ബോട്ടിലെ ഡ്രൈവറായിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശി പ്രദീപാണ് (60) അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തിയത്.
ആദ്യം മറിഞ്ഞ ബോട്ട് ഓടിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി അപകടത്തിന് പിന്നാലെ കരയിലേക്ക് നീന്തി രക്ഷപ്പെട്ടിരുന്നു. ബോട്ടിലെ മറ്റൊരു ജീവനക്കാരനെയും മൂന്ന് യാത്രക്കാരായ പഞ്ചാബ് സ്വദേശികളെയും മറിഞ്ഞ രണ്ടാമത്തെ ബോട്ടിലെ ഡ്രൈവർ പ്രദീപ് തന്നെയാണ് രക്ഷപ്പെടുത്തിയത്. പ്രദീപ് ഓടിച്ച ബോട്ടിൽ 10 വയസ്സുകാരിയടക്കം ഒരു തമിഴ് കുടുംബമായിരുന്നു യാത്ര ചെയ്തതെന്നും പ്രദീപ് പറഞ്ഞു.
പരിക്കേറ്റവരെ ആദ്യം ഖോർഫക്കാൻ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ദുബൈ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നും ബുധനാഴ്ച എല്ലാവരുമായും സംസാരിച്ചെന്നും ബോട്ട് ഡ്രൈവർ പ്രദീപ് പറഞ്ഞു. 30 വർഷമായി ഖോർഫക്കാനിൽ ബോട്ട് ഓടിക്കുന്ന പ്രദീപ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

