വി.പി.എസ് ആശുപത്രികളില്‍ നിന്ന് ഇനി ജനന സര്‍ട്ടിഫിക്കറ്റ്
text_fieldsഅബൂദബി: ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ അബൂദബി ആരോഗ്യ അതോറിറ്റിയും (ഹാദ്) വി.പി.എസ് ഹെല്‍ത്ത് കെയറും ധാരണയില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം വി.പി.എസ് ഹെല്‍ത്ത് കെയറിന്‍െറ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, എല്‍.എല്‍.എച്ച്, ലൈഫ് കെയര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് അതത് ആശുപത്രികളില്‍നിന്ന് നല്‍കാന്‍ സാധിക്കും.
ഹാദ് ഡയറക്ടര്‍ ഹിലാല്‍ ഖമീസ് ആല്‍ മുറൈഖിയും വി.പി.എസ് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലിലും ഉന്നത ഉദ്യാഗസ്ഥന്മാരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പ് വെച്ചത്. ഇലക്ട്രോണിക് ലിങ്ക് വഴി ഹാദുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയുന്നതോടെ രക്ഷിതാക്കള്‍ക്ക് ഹാദിന്‍െറ സേവന കേന്ദ്രങ്ങളില്‍ പോകേണ്ടി വരില്ളെന്ന് ഹിലാല്‍ ഖമീസ് ആല്‍ മുറൈഖി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഏഴ് സ്ഥാപനങ്ങളില്‍നിന്ന് നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഹാദ് നല്‍കിയ അനുമതി വലിയ അംഗീകാരമായി കാണുന്നവെന്ന് ഡോ. ഷംസീര്‍ പറഞ്ഞു. ഫെബ്രുവരി ആദ്യത്തില്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ദാനാത് അല്‍ ഇമാറാത് ആശുപത്രിയാണ് പദ്ധതി നടപ്പാക്കിയ ആദ്യ സ്വകാര്യ ആശുപത്രി. നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റിന് ആശുപത്രിയില്‍നിന്നുള്ള ജനന രേഖകള്‍, രക്ഷിതാക്കളുടെ പാസ്പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ എന്നിവ ഇലക്ട്രോണിക് ലിങ്ക് മുഖേനെ ഹാദിന് ആശുപത്രികള്‍ അയച്ചു നല്‍കണം. രക്ഷിതാക്കള്‍ യു.എ.ഇ പൗരന്മാരാണെങ്കില്‍ ഫാമിലി ബുക്കും ഹാജരാക്കണം. ഈ രേഖകള്‍ പരിശോധിച്ച് ഹാദ് അംഗീകാരം നല്‍കിയ ശേഷം ആശുപത്രികളില്‍നിന്ന് ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും.