യു.എ.ഇ ബാങ്കുകൾ എസ്.എം.എസ് ഒ.ടി.പി നിർത്തുന്നു; ഇനിയെല്ലാം ‘ആപ്പി’ൽ
text_fieldsദുബൈ: ഓൺലൈൻ കാർഡ് പേയ്മെന്റുകൾ നടത്തുമ്പോൾ ഒ.ടി.പി എസ്.എം.എസായി അയക്കുന്ന പതിവ് യു.എ.ഇയിലെ വിവിധ ബാങ്കുകൾ അവസാനിപ്പിക്കുന്നു. ആപ്ലിക്കേഷൻ വഴി പേയ്മെന്റ് ഓതന്‍റിക്കേഷൻ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പരിഷ്കരണം നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മെസേജുകൾ അയച്ചിട്ടുണ്ട്. രാജ്യത്ത് നിരവധി ഉപഭോക്താക്കളുള്ള ബാങ്ക് പരിഷ്കരണം ജനുവരി ആറ് മുതൽ നടപ്പാക്കുമെന്ന് അറിയിച്ചതായി ‘ഇമാറാത്ത് അൽ യൗം’ റിപ്പോർട്ട് ചെയ്തു. പുതിയ രീതി നടപ്പാക്കുന്നതിന് മുന്നോടിയായി ബാങ്കിന്‍റെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ബാങ്കുകൾ നിന്ന് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ഒ.ടി.പി മെയിലിലും എസ്.എം.എസായും ലഭിക്കുന്ന പതിവ് അവസാനിപ്പിക്കുന്ന പ്രക്രിയ കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ചിരുന്നു. ഒ.ടി.പികൾ അയക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പുതിയ മാറ്റം ഇടപാടുകൾ കൂടുതൽ സുരക്ഷിതവും എളുപ്പത്തിലുമാക്കുന്നതുമാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും ഉപഭോക്താക്കൾക്ക് സംവിധാനം വഴി സാധ്യമാകും.
എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര ഇടപാടുകളും 2026 മാർച്ചോടെ ആപ് വഴിയുള്ള ഓതന്‍റിഫിക്കേഷനിലേക്ക് മാറണമെന്നാണ് നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് ഈ വർഷം മാർച്ചോടെ എസ്.എം.എസ് ഒ.ടി.പികൾ പൂർണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ട്. അതുവരെ ചില ഉപഭോക്താക്കൾക്ക് മാത്രം ഒ.ടി.പി ലഭിക്കും. ആപ് വഴിയുള്ള ആധികാരികത ഉറപ്പുവരുത്തൽ സംവിധാനം ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമുള്ളതുമാണ്. എസ്.എം.എസ് വഴിയും മെയിൽ വഴിയും വരുന്ന ഒ.ടി.പികൾ ടൈപ്പ് ചെയ്യുകയോ കോപി ചെയ്യുകയോ വേണ്ടതുണ്ടായിരുന്നു. എന്നാൽ ആപ് വഴിയാകുമ്പോൾ ഇടപാടിന് അംഗീകാരം നൽകാനും തള്ളിക്കളയാനും ഒരു നിമിഷത്തിൽ സാധിക്കും.
മിക്ക സൈബർ തട്ടിപ്പുകളും ഒ.ടി.പി അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ഇടപാടുകൾ ആപ് വഴി ആകുന്നതോടെ സൈബർ തട്ടിപ്പുകൾ വളരെ കുറക്കാൻ സാധിക്കും. എസ്.എം.എസ് വഴി ലഭിക്കുന്ന ഒ.ടി.പികൾ മൊബൈൽ നമ്പർ ഹൈജാക്ക് ചെയ്ത് കൈക്കലാക്കുന്ന തട്ടിപ്പുകാരുണ്ട്. ഇതിൽ നിന്നും സുരക്ഷ നൽകുന്നതാണ് പുതിയ സംവിധാനം. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്, പാസ്കോഡ്വിഡിയോ സെൽഫി പോലുള്ള തൽസമയ പരിശോധന എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ മറ്റൊരാൾക്ക് ആപ്പുകൾ ആക്സസ് ചെയ്യാൻ സാധിക്കണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

