Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബയോമെട്രിക് ഐഡന്‍റിറ്റി നിര്‍ബന്ധം; എസ്.എം.എസ് ഒ.ടി.പികള്‍ പൂര്‍ണമായി ഒഴിവാക്കുന്നു

text_fields
bookmark_border
ബയോമെട്രിക് ഐഡന്‍റിറ്റി നിര്‍ബന്ധം; എസ്.എം.എസ് ഒ.ടി.പികള്‍ പൂര്‍ണമായി ഒഴിവാക്കുന്നു
cancel

അബൂദബി: ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, മുഖം (ഫേഷ്യല്‍), കണ്ണ് (ഐറിസ്) എന്നിവ ഉപയോഗിച്ചുള്ള ബയോമെട്രിക് ഐഡന്റിറ്റി സ്ഥിരീകരണം പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കളുടെ സ്മാര്‍ട്ട് ബാങ്കിങ് ആപ്പ് അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം യു.എ.ഇയിലെ ബാങ്കുകള്‍ തടഞ്ഞു തുടങ്ങി. ബാങ്കിങ് ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുന്നതിനായി ഡിജിറ്റല്‍ പരിശോധനയും ബയോമെട്രിക് സ്ഥിരീകരണവും പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫോണ്‍ നമ്പറുകളിലേക്ക് വരുന്ന എസ്.എം.എസ്. ഒ.ടി.പിക്കു പകരം, പൂര്‍ണമായും സുരക്ഷിതമായ ബാങ്കിങ് ആപ്പുകള്‍ വഴി മാത്രം ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന രീതിയിലേക്ക് മാറിയതിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. നിര്‍ദിഷ്ട ഡിജിറ്റല്‍ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഉപഭോക്താക്കള്‍ക്ക് ആപ്പിലെ സേവനങ്ങള്‍ ഉപയോഗിക്കാനോ ഇലക്ട്രോണിക് സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കാനോ സാധിക്കില്ല.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, വെരിഫിക്കേഷന്‍ കോഡുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനും അക്കൗണ്ട് ഉടമയുടെ വ്യക്തമായ സമ്മതത്തോടെ മാത്രം സാമ്പത്തിക കൈമാറ്റങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ സുരക്ഷാ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്.

നേരത്തെ ബാങ്കുകളില്‍ നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിച്ച് ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ ലോഗിന്‍ നടപടികളും ഇലക്ട്രോണിക് ഇടപാടുകള്‍ അംഗീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കണമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളോട് അഭ്യർഥിച്ചു. സംശയങ്ങളുള്ളവര്‍ക്ക് അതത് ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടാം.

എസ്.എം.എസ്, ഇ-മെയില്‍ വഴിയുള്ള ഒ.ടി.പികള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി, ബാങ്കുകളുടെ ഔദ്യോഗിക സ്മാര്‍ട്ട് ആപ്പുകള്‍ വഴിയുള്ള അത്യാധുനിക രീതികള്‍ നടപ്പിലാക്കാന്‍ 2025 ജൂലൈ 25 മുതലാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് തുടക്കമിട്ടത്. ടെക്സ്റ്റ് മെസേജുകളിലൂടെ എത്തുന്ന സ്ഥിരീകരണ കോഡുകള്‍ ചോര്‍ത്തിയെടുത്ത് അക്കൗണ്ടുകളില്‍ നിന്ന് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന തട്ടിപ്പുകള്‍ അടുത്തകാലത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പുതിയ സംവിധാനത്തില്‍ വിരലടയാളം (ഫിംഗര്‍പ്രിന്റ്), ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, അല്ലെങ്കില്‍ ആപ്പിന്റെ പാസ്‌കോഡ് എന്നിവ ഉപയോഗിച്ച് ബാങ്ക് ആപ്പില്‍ നേരിട്ടാണ് ഇടപാടുകള്‍ സ്ഥിരീകരിക്കുന്നത്.

സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തമാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിതെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇതിനായി ആപ്പുകള്‍ യഥാസമയം അപ്ഡേറ്റ് ചെയ്യാനും 'ആപ്പ് വഴിയുള്ള ഒതന്റിഫിക്കേഷന്‍' ഫീച്ചര്‍ ആക്റ്റീവ് ആണെന്ന് ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.

കോഡുകള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുറക്കാനും കൂടുതല്‍ വേഗത്തിലുള്ളതും സുരക്ഷിതവുമായ സേവനം ലഭ്യമാക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്.പേര്, തുക, മറ്റ് ബാങ്കിങ് വിവരങ്ങള്‍ എന്നിവ പൂര്‍ണമായും കൃത്യമാണെന്ന് ഉറപ്പുവരുത്താതെ ഒരു സാമ്പത്തിക ഇടപാടുകള്‍ക്കും ഉപഭോക്താക്കള്‍ അംഗീകാരം നല്‍കരുതെന്നും സെന്‍ട്രല്‍ ബാങ്ക് പ്രത്യേക നിര്‍ദേശം നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Banks Enforce Biometrics
Next Story