യു.എ.ഇ-ബഹ്റൈൻ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ കരാർ
text_fieldsബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാനും യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ്
ബാലാമയും കരാറിൽ ഒപ്പുവെക്കുന്നു
ദുബൈ: ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്കും (സി.ബി.യു.എ.ഇ) ബഹ്റൈൻ സെൻട്രൽ ബാങ്കും (സി.ബി.ബി) തമ്മിൽ 20 ശതകോടി ദിർഹം മൂല്യമുള്ള കറൻസി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു.
യു.എ.ഇ ദിർഹവും ബഹ്റൈൻ ദിനാറും അടിസ്ഥാനമാക്കിയാണ് കരാർ ഒപ്പുവെച്ചത്. ഓൺലൈൻ ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തെ കാലാവധിയുള്ള കരാർ പ്രാദേശിക കറൻസികളിൽ വ്യാപാരം ശക്തിപ്പെടുത്തുകയും മേഖലയുടെ പണ സ്ഥിരത നിലനിർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയും ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ഹുമൈദാനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ നിലവിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് കരാർ. സാമ്പത്തിക, നാണയ സഹകരണത്തെ വിപുലീകരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഉറപ്പിക്കുന്നതാണ് കരാറെന്ന് ഖാലിദ് മുഹമ്മദ് ബാലാമ പറഞ്ഞു. പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സെൻട്രൽ ബാങ്കുകൾ തമ്മിലുള്ള സഹകരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക സ്ഥിരതയും അന്താരാഷ്ട്ര പങ്കാളിത്തവും ശക്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ-യു.എ.ഇ ബന്ധങ്ങളുടെ ശക്തിയും ആഴവും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് ഖാലിദ് ഹുമൈദാൻ പറഞ്ഞു. ഇത് സാമ്പത്തിക വളർച്ചക്ക് പ്രചോദനമാവുകയും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

