ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നതിനെ പിന്തുണച്ച് യു.എ.ഇ
text_fieldsദുബൈ: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് അടിയന്തര ചർച്ച പുനരാരംഭിക്കണമെന്ന യു.എസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ആഹ്വാനത്തെ പിന്തുണച്ച് യു.എ.ഇ. ബന്ദികളെയും തടവുകാരെയും മോചിപ്പിച്ച് സമാധാനം കൊണ്ടുവരുന്നതിന് കരാറിലെത്താൻ ആഗസ്റ്റ് 15ന് കൈറോയിലോ ദോഹയിലോ ചർച്ചക്ക് ഇസ്രായേലും ഹമാസും സന്നദ്ധമാകണമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. മുതിർന്ന ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കക്കിടെയാണ് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ നിർദേശിച്ചത്.
ചർച്ചക്ക് തയാറാകണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ട കക്ഷികൾ പ്രതികരിക്കണമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രസ്താവനയിൽ പറഞ്ഞു. ഒരു കക്ഷിയും ഇക്കാര്യത്തിൽ സമയം പാഴാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും യു.എ.ഇ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗസ്സയിലെ ദാരുണ സാഹചര്യം അവസാനിപ്പിക്കാൻ കരാറിലെത്താൻ ഈജിപ്തും ഖത്തറും യു.എസും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് അഭിനന്ദനവും പൂർണ പിന്തുണയും നൽകുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

