എട്ടു മാസത്തെ 'ഐസൊലേഷൻ' പൂർത്തിയാക്കി യു.എ.ഇ ബഹിരാകാശ യാത്രികൻ
text_fieldsസാലിഹ് അമീരി
ദുബൈ: ബഹിരാകാശ സഞ്ചാര മേഖലയിൽ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങളിലേക്ക് വളരുന്ന യു.എ.ഇക്ക് ഒരു പൊൻതൂവൽ കൂടി. ഇമറാത്തി ബഹിരാകാശ യാത്രികൻ സാലിഹ് അമീരി എട്ടു മാസം നീണ്ടുനിൽക്കുന്ന ഏകാന്ത പരിശീലന ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി.
റഷ്യയിൽ 2021 നവംബർ മുതൽ ഐസൊലേഷനിൽ കഴിയുന്ന സിറിയസ്-21 ക്രൂവിന്റെ ഭാഗമാണ് സാലിഹ് അമീരി നേട്ടം സ്വന്തമാക്കിയത്. പരിശീലനത്തിൽ കഴിയവെ ഇദ്ദേഹത്തിന് ഒരു പെൺകുഞ്ഞ് പിറന്നിരുന്നു. പരിശീലനം പൂർത്തിയായതോടെ കുഞ്ഞിനെ കാണാനായി അടുത്ത ദിവസങ്ങളിൽ ഇദ്ദേഹം യു.എ.ഇയിലെത്തിയേക്കും.
റഷ്യൻ കമാൻഡർ ഒലീഗ് ബ്ലിനോവ്, അമേരിക്കൻ വിമാന എൻജിനീയർ ആഷ്ലി കൊവാൽസ്കി, റഷ്യൻ ഗവേഷകൻ എകതരിന കര്യാകിന, റഷ്യൻ വിമാന സർജൻവിക്ടോറിയ കിരിചെൻകോ, അമേരിക്കൻ ഗവേഷകൻ വില്യം ബ്രൗൺ എന്നിവരടങ്ങിയ സംഘത്തിനൊപ്പമാണ് സാലിഹ് അമീരി ഐസൊലേഷനിൽ പ്രവേശിച്ചിരുന്നത്. പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് പുറത്തുകടക്കൽ, സാങ്കൽപിക ഗ്രഹത്തിലേക്കുള്ള പറക്കൽ, ഒരു മൊഡ്യൂളിന്റെ ലാൻഡിങ്, ശാസ്ത്രീയ ഗവേഷണ പ്രകടനം, ഭൂമിയിലേക്ക് മടങ്ങൽ എന്നിവ നടത്തി. ബഹിരാകാശയാത്രികനായ അബ്ദുല്ല അൽ ഹമ്മദിയും സാലിഹ് അൽഅമീരിയെ ദൗത്യത്തിൽ അനുഗമിച്ചിരുന്നു. ആദ്യ യു.എ.ഇ-അറബ് ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി സാലിഹ് അൽ അമീരിയുടെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ചൊവ്വയുടെയും മറ്റു ഗ്രഹങ്ങളുടെയും ഭാവി പര്യവേക്ഷണത്തിന് തയാറെടുക്കുമ്പോൾ ഇത്തരം അനലോഗ് ദൗത്യങ്ങൾ പ്രധാനമാണ്. ഭൂമിയിൽ ബഹിരാകാശ സമാനമായ അവസ്ഥകൾ സൃഷ്ടിച്ച് അനുകരിച്ചാണ് പരിശീലനം പൂർത്തിയാക്കുന്നത്.
ദീർഘകാല ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾക്കായി തയാറെടുക്കാൻ സഹായിക്കുന്നതാണിത്. ഒാരോ ബഹിരാകാശ സഞ്ചാരിയിലും സൃഷ്ടിക്കുന്ന ഒറ്റപ്പെടലിന്റെ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ പഠിക്കാൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കും.