യുക്രെയ്ന് വീണ്ടും യു.എ.ഇയുടെ സഹായം
text_fieldsയുക്രെയിൻ ജനതക്കുള്ള സഹായം യു.എ.ഇയിൽനിന്ന് അയക്കുന്നു
ദുബൈ: യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്ൻ ജനതക്ക് സഹായഹസ്തവുമായി വീണ്ടും യു.എ.ഇ. 27ടൺ ഭക്ഷ്യ, ചികിത്സ സഹായങ്ങൾ കൂടി അഭയാർഥികൾക്കായി അയച്ചു. പോളണ്ടിൽ കഴിയുന്ന അഭയാർഥികളിലേക്കാണ് ഈ സഹായം എത്തുന്നത്.
സഹായവും വഹിച്ചുകൊണ്ടുള്ള വിമാനം പോളണ്ടിലെത്തി. യുദ്ധം തുടങ്ങിയ ശേഷം പത്ത് ലക്ഷത്തോളം യുക്രെയ്ൻകാരാണ് താൽകാലിക വിസക്കായി പോളണ്ടിൽ അപേക്ഷ നൽകിയത്. ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുക എന്ന യു.എ.ഇയുടെ നയത്തിന്റെ ഭാഗമായാണ് യുക്രെയ്ൻ ജനതക്കും സഹായം നൽകിയത്. അർഹരിലേക്ക് സഹായം എത്തിക്കുമെന്ന് യുക്രെയ്നിലെ യു.എ.ഇ അംബാസഡർ സാലിം അൽ കഅബി പറഞ്ഞു. ഇതുവരെ പോളണ്ടിലേക്കും മോൾഡോവയിലേക്കും ആറ് വിമാനങ്ങളാണ് യു.എ.ഇയിൽ നിന്ന് സഹായവുമായി പറന്നത്.
156 ടൺ ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ സഹായവുമാണ് ഇതുവരെ എത്തിച്ചത്. 50 ലക്ഷം ഡോളറിന്റെ സഹായം യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുമായി ചേർന്നാണ് ഈ സഹായം അർഹരിലേക്ക് എത്തിക്കുന്നത്.