ഇറാൻ ആക്രമണത്തിന്‍റെ ആഘാതം വിലയിരുത്തി യു.എ.ഇ
text_fieldsഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളെ സന്ദർശിക്കുന്ന ദേശീയ മനുഷ്യവകാശ സ്ഥാപന പ്രതിനിധികൾ
അബൂദബി: യു.എസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ച സാചര്യത്തിൽ യു.എ.ഇയിൽ ഒരു മാസത്തിലേറെയായി ഇറാൻ നടത്തിവന്ന ആക്രമണങ്ങളുടെ ആഘാതങ്ങൾ വിലയിരുത്തി ദേശീയ മനുഷ്യാവകാശ സ്ഥാപന (എൻ.എച്ച്.ആർ.ഐ) പ്രതിനിധികൾ. ചെയർമാൻ ഡോ. സലിം അൽ നിയാദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇറാൻ ആക്രമണം നടന്ന രാജ്യത്തെ നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിച്ച് ആഘാതങ്ങൾ വിലയിരുത്തിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് കീഴിൽ സംരക്ഷിക്കപ്പെട്ട നിരവധി അടിസ്ഥാന അവകാശങ്ങൾ ഇറാൻ ആക്രമണത്തിൽ നേരിട്ട് ലംഘിക്കപ്പെട്ടതായി സംഘം വ്യക്തമാക്കി.
രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യപരിചരണ കേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവയും പ്രതിനിധി സംഘം സന്ദർശിച്ചതായി ദേശീയ വാർത്ത ഏജൻസി റിപോർട്ട് ചെയ്തു. ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരേയും സംഘം സന്ദർശിച്ചിരുന്നു.
ദേശീയ, അന്തർദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുജനങ്ങളുടെ സുരക്ഷക്കും അടിയന്തര പ്രതികരണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും സ്വീകരിച്ച നടപടികളും ആക്രമണം ബാധിച്ചവർക്ക് അടിയന്തര സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികളും പ്രതിനിധി സംഘം വിശദമായി ചോദിച്ചറിഞ്ഞു.
എൻ.എച്ച്.ആർ.ഐയുടെ നിരീക്ഷണ, വിലയിരുത്തൽ ഉത്തരവാദിത്തങ്ങൾ അനുസരിച്ച് അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യന്‍റെ അന്തസ്സ് കാത്തുരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ വിലയിരുത്തലിലാണ് സംഘം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. രാജ്യത്തുടനീളം അവകാശ സംരക്ഷണത്തെ പിന്തുണക്കുന്നതിനും മുനഷ്യാവകാശങ്ങളുടെ അവസ്ഥകൾ നിരീക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടായിരുന്നു സന്ദർശമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, അബൂദബിയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് സെന്‍ററിന്‍റെ സഹകരണത്തിൽ അബൂദബി ഡിപാർട്ട്മെന്റ് ഓഫ് എനർജി, എ.ഡി പോർട്സ് ഗ്രൂപ്പ്, മറ്റ് സർക്കാർ ഓഫിസുകൾ എന്നിവയുടെ പ്രതിനിധികളുടെ സംയുക്ത സംഘം ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ സന്ദർശനം നടത്തി.
അബൂദബിയിലുണ്ടായ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

