അര നൂറ്റാണ്ട് നിറവിൽ യു.എ.ഇ സായുധ സേന
text_fieldsദുബൈ: രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിൽ നിർണായക ശക്തിയായി നിലകൊള്ളുന്ന യു.എ.ഇയുടെ സായുധ സേനയുടെ ഏകീകരണത്തിന് അമ്പതാം പിറന്നാൾ. മേയ് ആറ് ബുധനാഴ്ച സായുധ സേനയുടെ 50ാമത് ഏകീകരണം ദിനം ആഘോഷിക്കും. മേഖലയിൽ ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തിലത്തിലാണ് സായുധ സേന ഏകീകരണ ദിനം കടന്നുവരുന്നത്. മേഖലയിൽ ഉയരുന്ന വെല്ലുവിളികൾക്കിടയിലും രാജ്യത്തേയും ജനങ്ങളേയും നേട്ടങ്ങളേയും സംരക്ഷിക്കുന്നതിൽ നിർണായകമായ പങ്കാണ് സായുധ സേന നിർവഹിച്ചത്. ഇറാൻ ആക്രമണങ്ങളെ ശക്തമായ പ്രതിരോധിക്കാൻ യു.എ.ഇക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി രാജ്യത്തിന്‍റെ സമുദ്ര മേഖലകൾ സംരക്ഷിക്കുന്നതിൽ നാവിക സേന ശക്തമായ പ്രതിരോധ നിരയായി നിലകൊള്ളുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതിരോധ രംഗത്തെ പ്രവർത്തനങ്ങൾ കാണിക്കുന്ന പ്രത്യേക വീഡിയോയും മന്ത്രാലയം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. യെമനിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ സഖ്യസേനയോടൊപ്പം നടത്തിയ സൈനിക നടപടികൾ, ലെബനാനിൽ അറബ് പ്രതിരോധ സേനയുടെ പ്രവർത്തനങ്ങൾ, കുവൈത്തിനെ മോചിപ്പിച്ച പെനിൻസുല ഷീൽഡ് ഫോഴ്സ്, സോമാലിയയിൽ യുനൈറ്റഡ് നാഷൻസിന്‍റെ ‘ഓപറേഷൻ റീസ്റ്റോർ ഹോപ്പ്’ തുടങ്ങിയ സൈനിക നടപടികളുടെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വീഡിയോ പുറത്തിറക്കിയത്.
ഇറാഖിന്‍റെ പുനർനിർമാണം, പാകിസ്താനിൽ 2005ലുണ്ടായ ഭൂകമ്പത്തിന് ശേഷം നടത്തിയ സഹായ നടപടികൾ എന്നിവയും വീഡിയോയിൽ വ്യക്തമാണ്. ഉയർന്ന കാര്യക്ഷമതയോടെയും ജാഗ്രതയോടും കൂടിയാണ് സായുധ സേന എല്ലാ കർത്തവ്യങ്ങളും നിർവഹിച്ചത്. വിശ്വാസ്യതയുടെയും ത്യാഗത്തിന്‍റെ ഉയർന്ന മൂല്യങ്ങൾ ഉൾകൊള്ളുകയും കൂടുതൽ ശക്തവും സുരക്ഷിതവുമായി ആത്വിശ്വാസത്തോടെ മുന്നോട്ട് പോവുകയും ചെയ്യുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. 1976 മേയ് ആറിനാണ് രാഷ്ട്ര ശിൽപിയായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സെൻട്രൽ കമാൻഡിനും ഒറ്റ പതാകക്കും കീഴിൽ സായുധ സേനയെ ഏകീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

