കെ.ജി വിദ്യാർഥികൾക്ക് 40 മിനിറ്റ് അറബി പഠനം
text_fieldsഅബൂദബി: കെ.ജി വിദ്യാർഥികൾക്ക് എല്ലാ ദിവസവും 40 മിനിറ്റ് അറബി പഠനം നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. ചെറുപ്രായം മുതൽ ഭാഷ ഉപയോക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തീരുമാനം പുതിയ അധ്യയന വർഷാരംഭം മുതൽ എല്ലാ സ്വകാര്യ സ്കൂളുകളും നടപ്പാക്കണം.
ഇമാറാത്തി, അറബിക് സംസ്കാരം വളർത്തിയെടുക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതുവഴി എല്ലാ ആഴ്ചയും 200 മിനിറ്റ് അറബി ക്ലാസാണ് ഈ അധ്യയന വർഷത്തിൽ കുട്ടികൾക്ക് ലഭിക്കുക. 2027-28 അധ്യയന വർഷത്തിൽ ഇത് 300 മിനിറ്റായി വർധിപ്പിക്കും. ഇതിലൂടെ ഓരോ ദിവസവും ഒരു മണിക്കൂർ ക്ലാസ് ലഭിക്കും. എല്ലാവിധ പാഠ്യപദ്ധതികളും നടപ്പാക്കുന്ന സ്കൂളുകളിലും നിബന്ധന ബാധകമായിരിക്കും.
കിൻഡർ ഗാർട്ടനുകളിൽ സാമൂഹികശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കും അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ക്ലാസ് മുറിക്കകത്തും പുറത്തും രസകരമായ രീതിയിൽ കളികളിലൂടെയുള്ള അധ്യാപന രീതിയും ഇതിലുൾപ്പെടും. കുടുംബം, യു.എ.ഇ ഭൂമിശാസ്ത്രം, യു.എ.ഇ പരിസ്ഥിതി, സാമൂഹിക മൂല്യങ്ങൾ, വിശാലമായ സാമൂഹിക പഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന ആശയങ്ങൾ കിൻഡർ ഗാർട്ടൻ പാഠ്യപദ്ധതിയിൽ ക്ലാസുകളിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
2025-26 അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് സ്വകാര്യ സ്കൂളുകൾക്ക് നിർദേശങ്ങൾ നൽകുമെന്നും സ്വകാര്യ സ്കൂളുകളിലേക്ക് ഉപദേശക സന്ദർശനങ്ങൾ നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ പ്രാദേശിക വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച്, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മന്ത്രാലയം പതിവായി പരിശോധനകളും നടത്തും.
സ്വകാര്യ നഴ്സറി, കെ.ജി ക്ലാസുകളിൽ ആഴ്ചയിൽ നാലു മണിക്കൂർ അറബി പഠനത്തിനായി മാറ്റിവെക്കണമെന്ന് അബൂദബി വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് നേരത്തേ നിർദേശിച്ചിരുന്നു.
നഴ്സറി (പ്രീ കെ.ജി) മുതല്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ (ഒന്നാം വര്‍ഷം) വരെയുള്ള കുട്ടികള്‍ക്കാണ് ഈ നയം ബാധകമാക്കിയത്. ഈ വർഷം ആഴ്ചയിൽ 240 മിനിറ്റും 2026-27 അക്കാദമിക വർഷത്തിൽ ഇത് അഞ്ചു മണിക്കൂറുമാക്കുമെന്നാണ് അറിയിച്ചിരുന്നത്. അറബി സംസാര ഭാഷയായ കുട്ടികളോ അറബി ഭാഷ ആദ്യമായി പഠിക്കുന്ന കുട്ടികളോ ആണെങ്കിലും പഠിച്ചുതുടങ്ങുന്ന ഏറ്റവും നിര്‍ണായക സമയത്ത് നിലവാരമുള്ള അറബി ഭാഷാപഠനം സാധ്യമാക്കുകയെന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നതെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

