എംബസി വീണ്ടും തുറക്കാനൊരുങ്ങി യു.എ.ഇയും ഖത്തറും
text_fieldsദുബൈ: വിവിധ അറബ് രാജ്യങ്ങൾ തമ്മിലെ ഐക്യം ശക്തിപ്പെടുന്നതിനിടെ എംബസികൾ വീണ്ടും തുറക്കാനൊരുങ്ങി യു.എ.ഇയും ഖത്തറും. യു.എ.ഇ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ ‘നാഷനലാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും എംബസികൾ തുറക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇക്കാര്യം ഖത്തർ മീഡിയ ഓഫിസും സ്ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി 2021ൽ ഒപ്പുവെച്ച അൽ ഉല കരാറിന്‍റെ അടിസ്ഥാനത്തിലാണ് എംബസികൾ വീണ്ടും തുറക്കുന്നത്. ആഴ്ചകൾക്കുള്ളിൽ തന്നെ നയതന്ത്ര ബന്ധം പൂർണമായും പുനസ്ഥാപിച്ചേക്കുമെന്നും പറയപ്പെടുന്നു.
2017ലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് ഉപരോധം പ്രഖ്യാപിച്ചത്. 2021ൽ അൽ ഉല കരാറിൽ ഒപ്പുവെച്ചതോടെ ബന്ധം പഴയനിലയിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും ഈജിപ്തും ദോഹയിൽ വീണ്ടും എംബസി തുറന്നു. കഴിഞ്ഞയാഴ്ച ജി.സി.സി കൗൺസിൽ ആസ്ഥാനത്ത് ഖത്തർ-ബഹ്റൈൻ വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഇരുരാജ്യങ്ങളിലെയും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.
ഫിഫ ലോകകപ്പ് സമയത്ത് ഖത്തർ, യു.എ.ഇ, സൗദി രാജ്യങ്ങൾ തമ്മിൽ പരസ്പരം സഹകരിച്ച് യാത്ര സംവിധാനങ്ങൾ ഏർപെടുത്തിയിരുന്നു. ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഐക്യം പഴയനിലയിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചനകൾ നൽകുന്നതാണ് അടുത്തിടെ നടക്കുന്ന നയതന്ത്ര നീക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

