യു.എ.ഇയും ഇസ്രായേലും കസ്റ്റംസ് സഹകരണകരാർ ഒപ്പുവെച്ചു
text_fieldsഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സാന്നിധ്യത്തിൽ യു.എ.ഇ-ഇസ്രായേൽ കസ്റ്റംസ് സഹകരണകരാർ ഒപ്പുവെക്കുന്നു
ദുബൈ: ഉഭയകക്ഷിവ്യാപാരത്തിൽ കുതിച്ചുചാട്ടം പ്രതീക്ഷിച്ച് യു.എ.ഇയും ഇസ്രായേലും കസ്റ്റംസ് സഹകരണക്കരാർ ഒപ്പുവെച്ചു. 96 ശതമാനം ഉൽപന്നങ്ങളുടെയും കസ്റ്റംസ് തീരുവ കുറയുന്ന കരാർ ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സാന്നിധ്യത്തിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഇസ്രായേലിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ഖാജ, ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും സമഗ്ര സാമ്പത്തിക സഹകരണക്കരാറിലും (സെപ) ഒപ്പുവെച്ചിരുന്നു. പുതിയ കരാർ ഒപ്പുവെച്ചതോടെ ‘സെപ’ കരാറിലെ തീരുമാനങ്ങൾ പൂർണമായും പ്രാബല്യത്തിൽ വരും.
കരാർ വ്യാപാരം വർധിപ്പിക്കുമെന്നും ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും ചരക്കുകളുടെ വില കുറക്കുമെന്നും പ്രതീക്ഷിക്കുന്നതായി അംബാസഡർ അൽ ഖാജ പ്രസ്താവിച്ചു. കരാർ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം വർധിപ്പിക്കുകയും ഇസ്രായേലിൽ കൂടുതൽ ജോലിസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് കരാറെന്ന് നെതന്യാഹുവും പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ 1000 കോടി ഡോളറിനപ്പുറം (36.7 ശതകോടി ദിർഹം) ഉഭയകക്ഷി വ്യാപാരം എത്തിക്കാനാണ് കരാറിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യംവെക്കുന്നത്.
അബ്രഹാം ഉടമ്പടിക്ക് ശേഷം ഇരുരാജ്യങ്ങളും കൈവരിച്ച വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള വൻതോതിലുള്ള വളർച്ചയെ അടിസ്ഥാനമാക്കിയാണ് കരാർ രൂപപ്പെടുത്തിയത്. 2020ൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിയാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം സാധാരണ നിലയിലാക്കിയത്. യു.എ.ഇയും ഇസ്രായേലും തമ്മിലെ ഉഭയകക്ഷിവ്യാപാരം കഴിഞ്ഞ വർഷം ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. നിലവിൽ യു.എ.ഇ ഇസ്രായേലിന്റെ മികച്ച 20 വ്യാപാരപങ്കാളികളിൽ ഒന്നാണ്. 2022ൽ വ്യാപാരത്തിൽ മുൻവർഷത്തേക്കാൾ 109.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. യു.എ.ഇ ഇപ്പോൾ 126 രാജ്യങ്ങളിൽ ഇസ്രായേലിന്റെ 16ാമത്തെ വലിയ വ്യാപാരപങ്കാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

