Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകത്തെ ‘ബെസ്റ്റ്...

ലോകത്തെ ‘ബെസ്റ്റ് കൺട്രീസ്' റാങ്കിങ്ങിൽ ആദ്യ പത്തിൽ യു.എ.ഇ

text_fields
bookmark_border
ലോകത്തെ ‘ബെസ്റ്റ് കൺട്രീസ് റാങ്കിങ്ങിൽ ആദ്യ പത്തിൽ യു.എ.ഇ
cancel

ദുബൈ: 2026ലെ 'ബെസ്റ്റ് കൺട്രീസ്' റിപ്പോർട്ടിൽ ആഗോളതലത്തിൽ പത്താം സ്ഥാനം കരസ്ഥമാക്കി യു.എ.ഇ. ആദ്യ പത്തിൽ ഇടംപിടിച്ച ഏക അറബ് രാജ്യവും മിഡിൽ ഈസ്റ്റിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ രാജ്യവുമായി യു.എ.ഇ മാറി.

ഇപ്പോൾ പത്താം പതിപ്പിലെത്തി നിൽക്കുകയാണ്​ 'ബെസ്റ്റ് കൺട്രീസ്' റിപ്പോർട്ട്. രാജ്യങ്ങളുടെ അന്തസ്സും ആഗോള പദവിയും വിലയിരുത്തുന്ന ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പഠനങ്ങളിലൊന്നായിട്ടാണ് 'ബെസ്റ്റ് കൺട്രീസ്' റിപ്പോർട്ട് കണക്കാക്കപ്പെടുന്നത്. പരമ്പരാഗത സാമ്പത്തിക സൂചകങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് റാങ്കിങ്ങുകളിൽ നിന്ന് വ്യത്യസ്തമാണിത്​. നിക്ഷേപം, ടൂറിസം, വ്യാപാരം എന്നിവയെ സ്വാധീനിക്കുന്ന ഗുണപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് 'ബെസ്റ്റ് കൺട്രീസ്' റിപ്പോർട്ട് രാജ്യങ്ങളെ വിലയിരുത്തുന്നത്.

വേർട്ടൺ സ്കൂൾ ഓഫ് ദി യൂനിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ, ഡബ്ല്യു.പി.പി, ബ്രാൻഡ് അസറ്റ് വാല്യുവേറ്റർ അനലിറ്റിക്കൽ പ്ലാറ്റ്‌ഫോം എന്നിവയുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച ഈ റാങ്കിങ്ങിൽ, ഭാവിയിലെ സാമ്പത്തിക വളർച്ചാ സാധ്യതകളെ വിലയിരുത്തുന്ന 'റൈസിംഗ് പവർ' വിഭാഗത്തിൽ യു.എ.ഇ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തിൽ യു.എ.ഇ 100ൽ 100 മാർക്കും നേടി പൂർണത കൈവരിച്ചു.

2026ലെ പതിപ്പിൽ ആഗോള ജി.ഡി.പിയുടെ ഏകദേശം 93.2 ശതമാനവും ലോക ജനസംഖ്യയുടെ 78.4 ശതമാനവും പ്രതിനിധീകരിക്കുന്ന 85 രാജ്യങ്ങളെയാണ് വിലയിരുത്തിയത്. 33 രാജ്യങ്ങളിൽ നിന്നുള്ള 15,131 പേരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിങ്​. ഇതിൽ 2,926 പേർ ബിസിനസ്​ തീരുമാനങ്ങൾ എടുക്കുന്നവരും 12,205 പേർ പൊതുജനങ്ങളുമാണ്​.

സംരംഭകത്വം, സാംസ്കാരിക സ്വാധീനം, ജീവിത നിലവാരം, ബിസിനസ്​ ചെയ്യാനുള്ള എളുപ്പം, സാമൂഹിക ലക്ഷ്യം, ചടുലത, സ്വാധീനശക്തി. ഭാവിയിലെ സാധ്യതകൾ എന്നിവയടക്കം പത്ത് പ്രധാന വിഭാഗങ്ങളായി തരംതിരിച്ച 73 സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ വിലയിരുത്തിയത്.

മൊത്തത്തിൽ 86.5 പോയന്‍റ്​ നേടിയാണ് യു.എ.ഇ ആഗോളതലത്തിൽ പത്താം സ്ഥാനം നേടിയത്. പതിനൊന്നാം സ്ഥാനത്തുള്ള അമേരിക്ക ഉൾപ്പെടെ പല പ്രമുഖ സമ്പദ്‌വ്യവസ്ഥകളെക്കാളും മുന്നിലാണ് യു.എ.ഇ.

റാങ്കിങ്ങിൽ സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനം നിലനിർത്തി. ജപ്പാൻ, സ്വീഡൻ, കാനഡ, ആസ്‌ട്രേലിയ, ജർമനി, നെതർലാൻഡ്‌സ്, യു​.കെ, നോർവേ എന്നിവയാണ് രണ്ടു മുതൽ ഒമ്പതുവരെ സ്ഥാനങ്ങളിൽ. മേഖലാതലത്തിൽ, മറ്റ് മിഡിൽ ഈസ്റ്റ്-അറബ് രാജ്യങ്ങളെക്കാൾ ഏറെ മുന്നിലാണ്​ യു.എ.ഇ. ആഗോളതലത്തിൽ സൗദി അറേബ്യ 29-ാം സ്ഥാനത്തും, ഈജിപ്ത് 32-ാം സ്ഥാനത്തും, തുർക്കി 33-ാം സ്ഥാനത്തുമാണ്.

ഭാവിയിലെ സാമ്പത്തിക മുന്നേറ്റത്തെ സൂചിപ്പിക്കുന്ന ‘റൈസിങ്​ പവർ’ വിഭാഗത്തിലാണ് മുഴുവൻ സ്​കോറും നേടി യു.എ.ഇയുടെ ഏറ്റവും മികച്ച പ്രകടനം. സാംസ്കാരിക സ്വാധീനത്തിൽ എട്ടാം സ്ഥാനവും, സ്വാധീനശക്തിയിൽ പത്താം സ്ഥാനവും, സംരംഭകത്വത്തിൽ പതിനൊന്നാം സ്ഥാനവും, ചടുലതയിൽ 17-ാം സ്ഥാനവും, ബിസിനസ്​ ചെയ്യാനുള്ള എളുപ്പത്തിൽ 19-ാം സ്ഥാനവും യു.എ.ഇ സ്വന്തമാക്കി.

റിപ്പോർട്ട് അനുസരിച്ച്, യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഏകദേശം 509 ബില്യൺ ഡോളറാണ്. പർച്ചേസിങ്​ പവർ പാരിറ്റി അടിസ്ഥാനത്തിൽ പ്രതിശീർഷ ആഭ്യന്തര ഉത്പാദനം 78,260 ഡോളറിലെത്തി. രാജ്യത്തെ ജനസംഖ്യ ഏകദേശം 95 ലക്ഷം ആണ്.

പ്രാദേശിക വ്യാപാര കേന്ദ്രം എന്നതിൽനിന്ന്​ ആഗോള സാമ്പത്തിക-ടൂറിസം പവർഹൗസായി യു.എ.ഇ മാറിയെന്ന്​ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ധനകാര്യം, റിയൽ എസ്റ്റേറ്റ്, വ്യോമയാനം, ടൂറിസം തുടങ്ങിയ മേഖലകളിലേക്കുള്ള അതിവേഗത്തിലുള്ള വൈവിധ്യവൽക്കരണവും ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനവും ഇതിന് പിന്തുണയേകിയതായും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

സുരക്ഷിതത്വത്തിന്‍റെ നെറുകയിൽ ഷാർജ

ഷാർജ: 2025ൽ ഷാർജയിൽ 100 ശതമാനത്തോട് അടുത്ത് സുരക്ഷിതത്വം രേഖപ്പെടുത്തിയതായി പൊലീസ്. എമിറേറ്റിൽ 99.7 ശതമാനമാണ്​ സുരക്ഷാ സൂചികയിൽ രേഖപ്പെടുത്തിയത്​. ഡിപാർട്ട്‌മെന്‍റ്​ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്‌മെന്‍റ്​ പുറത്തുവിട്ട ‘ജീവിത നിലവാര സൂചിക’യിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. എമിറേറ്റിന്‍റെ സമഗ്ര വികസന കാഴ്ചപ്പാടിന്‍റെ വിജയമാണിതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പറഞ്ഞു.

റിപ്പോർട്ട് അനുസരിച്ച്, പകൽ സമയങ്ങളിലെ സുരക്ഷിതത്വബോധം 99.8 ശതമാനമാണ്​. അതേസമയം, രാത്രിയിൽ വീട്ടിൽ സുരക്ഷിതമായിരിക്കുന്നതിൽ 99.7 പേർക്കും ആത്മവിശ്വാസമുണ്ട്​. രാത്രിയിൽ ഒറ്റക്ക്​ പുറത്തുനടക്കുമ്പോൾ അനുഭവപ്പെടുന്ന സുരക്ഷിതത്വത്തിന്‍റെ സൂചിക 98.7 ശതമാനം ആയി രേഖപ്പെടുത്തി.

കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഷാർജ പൊലീസിന്‍റെ പങ്കിലുള്ള ജനങ്ങളുടെ സംതൃപ്തിയും, കുറ്റകൃത്യങ്ങൾ അടിച്ചമർത്താനുള്ള പൊലീസിന്‍റെ ശേഷിയിലുള്ള വിശ്വാസവും 99 ശതമാനം വീതമാണ്. കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് നൽകുന്ന പിന്തുണയിലുള്ള സംതൃപ്തിയും 99 ശതമാനമാണ്​.

2025ൽ ഓരോ 100,000 നിവാസികൾക്കിടയിലുമുള്ള റോഡപകട മരണങ്ങളിൽ 16 ശതമാനം കുറവുണ്ടായതായി ഗതാഗത സൂചിക വ്യക്​തമാക്കുന്നു. നിശ്ചിത സമയത്തിനുള്ളിലുള്ള അടിയന്തര രക്ഷാപ്രവർത്തന പ്രതികരണ നിരക്ക് 100 ശതമാനമാണ്​.

ഗ്ലോബൽ ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ ‘നംബിയോ’യുടെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ സൂചികയിൽ യു.എ.ഇ നഗരങ്ങൾ പതിവായി ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇതിൽ യു.എ.ഇ തലസ്ഥാനമായ അബൂദബിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി പട്ടികയിൽ ഒന്നാമതുള്ളത്. നിലവിൽ 2026ൽ, വളരെ കുറഞ്ഞ കുറ്റകൃത്യ നിരക്കോടെ 84.5 സ്കോർ നേടി ഷാർജ എമിറേറ്റ് ഈ സൂചികയിൽ നാലാം സ്ഥാനത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - UAE among top 10 in world's 'Best Countries' ranking
Next Story