ഇരട്ടിയായി യു.എ.ഇ വിമാനയാത്രക്കാർ
text_fieldsദുബൈ: വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് വിമാനമാർഗം എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായി കണക്ക്. വിമാനങ്ങളിലെ സിറ്റിങ് ശേഷിയിൽ 67.4 ശതമാനം വർധനവാണ് ഈ കാലയളവിലുണ്ടായത്. ആഗോള യാത്രാവിവര ശേഖരണ ഏജൻസിയായ ഒഫീഷ്യൽ എയർലൈൻസ് ഗൈഡ് (ഒ.എ.ജി) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം 38.16 ദശലക്ഷമായിരുന്നു വിമാനങ്ങളുടെ സിറ്റിങ് ശേഷി. 2020ൽ ഇത് 32.28 ദശലക്ഷമായിരുന്നു. എന്നാൽ, ഈ വർഷം 63.78 ദശലക്ഷമായാണ് ഉയർന്നത്. കോവിഡിൽനിന്ന് യാത്രാമേഖല പൂർണമായും തിരിച്ചുവരുന്നതിന്റെ തെളിവാണിത്. അതേസമയം, കോവിഡിന് മുമ്പുള്ള 2019ലെ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. 2019നേക്കാൾ 15.9 ശതമാനം കുറവാണ് ഈ വർഷം കാണിക്കുന്നത്. 2019ൽ 75.78 ദശലക്ഷമായിരുന്നു സിറ്റിങ് ശേഷി.
അതേസമയം, ദുബൈ വിമാനത്താവളത്തിലെ തിരക്ക് പഴയനിലയിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബൈ. ആ സ്ഥാനം ഇപ്പോഴും ദുബൈ നിലനിർത്തുന്നുണ്ട്.
ഒടുവിലെ കണക്കുപ്രകാരം ലണ്ടനിലെ ഹീത്രോ, പാരിസിലെ ചാൾസ് ഡി ഗാൾ എന്നീ വിമാനത്താവളങ്ങളെ പിന്നിലാക്കി ദുബൈതന്നെയാണ് ഒന്നാമത്. ഈ വർഷത്തെ ആദ്യ രണ്ട് പാദങ്ങളേക്കാൾ ഇരട്ടിയിലേറെ യാത്രക്കാരാണ് മൂന്നാം പാദത്തിൽ എത്തിയത്. 2023ൽ ഇതിനേക്കാൾ കൂടുതൽ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

