980 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇ സഹായ ട്രക്കുകൾ ഗസ്സയിൽ
text_fieldsദുബൈ: 980 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇയുടെ അഞ്ച് മാനുഷിക സഹായ സംഘങ്ങളുടെ വാഹനവ്യൂഹം ഈയാഴ്ച ഗസ്സ മുനമ്പിൽ പ്രവേശിച്ചു. ‘ഓപറേഷൻ ഷിവൽറസ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി ആകെ 62 ട്രക്കുകളിലായാണ് ഇത്രയും സഹായങ്ങൾ എത്തിച്ചത്. ഫലസ്തീൻ ജനതക്ക് തുടർച്ചയായ പിന്തുണ നൽകുന്നതിനും ഗസ്സയിലെ കടുത്ത മാനുഷിക സാഹചര്യങ്ങൾക്കിടയിൽ അവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള യു.എ.ഇയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്.
ഭക്ഷ്യസഹായം, താൽക്കാലിക അഭയകേന്ദ്രങ്ങൾക്കായുള്ള സാമഗ്രികൾ, മരുന്നുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ട്രക്കുകളിൽ ഉണ്ടായിരുന്നത്. ഈജിപ്ഷ്യൻ നഗരമായ അൽ അരീശിലുള്ള യു.എ.ഇ മാനുഷിക സഹായ സംഘം, അവിടുത്തെ യു.എ.ഇ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ വഴിയാണ് ഈ വാഹനവ്യൂഹം സജ്ജമാക്കി അയക്കുന്നത്. കൂടുതൽ സഹായം ആവശ്യമുള്ളവരിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിലും കൃത്യമായും എത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായാണ് സംയോജിത സംവിധാനം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

