യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്
text_fieldsImage: REUTERS
അബൂദബി: രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ച് യു.എ.ഇ. തിങ്കളാഴ്ച മുതൽ നിയന്ത്രണം നീക്കിയത് നിലവിൽ വരുമെന്ന് സർക്കാർ വക്താവ് പത്ര സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലും പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ഗ്രീൻ പാസ് ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ് മാസ്ക് ധരിക്കേണ്ടതുള്ളൂ. പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ആരാധനാലയങ്ങളിലും പള്ളികളിലും ഇനി മാസ്കുകൾ ആവശ്യമില്ല. അതേ സമയം കോവിഡ് ബാധിച്ചവർ അഞ്ചുദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി(എൻ.സി.ഇ.എം.എ) അറിയിച്ചു.