ലോകകപ്പ് പ്രതീക്ഷയിൽ യു.എ.ഇ നാലാം റൗണ്ടിന്
text_fieldsയു.എ.ഇ ടീമംഗങ്ങൾ മൽസരത്തിനിടെ ആഹ്ലാദത്തിൽ (ഫയൽ ചിത്രം)
ദുബൈ: 2026ലെ ഫുട്ബാൾ ലോകകപ്പ് പ്രതീക്ഷകളുമായി റുമാനിയന്‍ കോച്ച് കോസ്മിന്‍ ഒലറോയ്യുടെ നേതൃത്വത്തില്‍ ദി വൈറ്റ് ടീം(അല്‍ അബിയള്) പടപ്പുറപ്പാടിന്. ഏഷ്യന്‍ യോഗ്യത നാലാം റൗണ്ടില്‍ യു.എ.ഇ ഒക്ടോബര്‍ 11ന് ഒമാനുമായും 14ന് ഖത്തറുമായും മത്സരിക്കും. ഖത്തര്‍ ജാസിം ബിന്‍ അഹമ്മദ് സ്റ്റേഡിയമാണ് വേദി. യു.എ.ഇ ഗ്രൂപ്പ്(എ) ചാമ്പ്യന്മാരായാല് യോഗ്യത നേടും. രണ്ടാം സ്ഥാനം നേടിയാല്‍ പ്ലേഓഫിന് വേണ്ടി കാത്തിരിക്കേണ്ടി വരും. നിലവിലെ പ്രകടനമനുസരിച്ച് യു.എ.ഇക്കാണ് സാധ്യത. മിന്നും പ്രകടനം നിലനിര്‍ത്തുന്ന ഗോള്‍കീപ്പര്‍ ഖാലിദ് ഈസയാണ് ക്യാപ്റ്റന്‍.
ലൂക്കാസ് പിമെന്റ, അബ്ദുറഹിമാന് സാലിഹ്, ഫാബിയോ ലിമ, ഹാരിബ് അബ്ദുല്ല, അബ്ദുല്ല റമദാന്, അലി സാലിഹ്, സുല്‍ത്താന്‍ ആദില്‍ എന്നിവരാണ് ശ്രദ്ധേയമായ താരങ്ങള്‍. അബൂദബിയില്‍ മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് യു.എ.ഇ ഖത്തറിനെ തകര്‍ത്തിരുന്നു. ഒമാനോട് സമനിലയായിരുന്നു ഫലം. രണ്ടാം ലോകകപ്പിനൊരുങ്ങുന്ന യു.എ.ഇ ഏഷ്യന്‍ റാങ്കിങില്‍ 10-ാം സ്ഥാനത്തും ഫിഫ റാങ്കിംഗില്‍ 67-ാം സ്ഥാനത്തുമാണ്. ഏക ലോകകപ്പ് പ്രവേശനം ഇറ്റാലിയ 1990ല്‍ ആയിരുന്നു. തയ്യാറെടുപ്പ് മത്സരങ്ങളില്‍ അടുത്ത മാസം നാലിന് സിറിയയെയും എട്ടിന് ബഹ്റൈനെയും ദുബൈ സഅബീല്‍ സ്റ്റേഡിയത്തില്‍ നേരിടും. മൂന്നാം റൗണ്ടില്‍ യോഗ്യത നേടാന്‍ കഴിയാതെ വന്നതോടെ മുന്‍ കോച്ച് പോളോ ബെന്റൊയുടെ(പോര്‍ച്ചുഗല്‍) പുറത്താകലിന് പിന്നാലെയാണ് ഷാര്‍ജ എഫ്.സിയുടെ കോച്ച് കൂടിയായ ഒലറോക്ക് ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചത്.
എ ഗ്രൂപ്പില്‍ ഖത്തറും ഒമാനും സാധ്യതയില്‍ ഒട്ടും പിന്നിലല്ല. ജിദ്ദയില്‍ നടക്കുന്ന ഗ്രൂപ്പ് ബിയില്‍ ഇന്തോനേഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവരും മത്സരിക്കും. ഏഴാം ലോകകപ്പ് പ്രതീക്ഷയുമായെത്തുന്ന സൗദിക്കാണ് കൂടുതല്‍ സാധ്യത. ഇന്തോനേഷ്യയും മികച്ച ഫോമിലാണ്. ഗ്രൂപ്പ് ജേതാക്കളാണ് യോഗ്യത നേടുക. ഇരു ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാര്‍ തമ്മില്‍ രണ്ട് ലെഗ് വീതം മത്സരിക്കും. വിജയികള്‍ പിന്നീട് ആഫ്രിക്ക-ലാറ്റിന്‍ അമേരിക്ക-ഓഷ്യാനിക്-കോണ്‍കാഫ് മേഖലയില്‍ നിന്നുള്ള നാലു ടീമുകളുമായി ഇന്റര്‍ കോണ്ടിനെന്റല് പ്ലേഓഫില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ക്കും യോഗ്യത ലഭിക്കും. ഏഷ്യയില്‍ നിന്നുള്ള എട്ടു ടീമുകളില്‍ ഇറാനും ഉസ്ബെക്കിസ്ഥാനും ജപ്പാനും ആസ്ട്രേലിയയും ദക്ഷിണ കൊറിയയും ജോർഡനും മൂന്നാം റൗണ്ട് മത്സരങ്ങളില്‍ നിന്നും നേരത്തെ യോഗ്യത നേടിയിട്ടുണ്ട്. 2026ല്‍ കാനഡ-മെക്സിക്കോ-യു.എസ്.എ രാജ്യങ്ങളാണ് ലോകകപ്പിന് വേദിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

