കെണ്ടയിനര് ലോറികള്‍ കൂട്ടിമുട്ടി തീപിടിച്ചു മറിഞ്ഞു; ഡ്രൈവര്‍ വെന്തു മരിച്ചു
text_fieldsഷാര്‍ജ: എമിറേറ്റ്സ് റോഡില്‍ മൂന്ന് കെണ്ടയിനര് ലോറികള്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ് ഒരു ഡ്രൈവര്‍ മരിച്ചു. മറ്റു ലോറികളിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കും ഗുരുതര പരിക്കേറ്റു. വേഗതയില്‍ വന്ന ലോറികളില്‍ ഒന്ന് നിയന്ത്രണം വിട്ട് മറ്റ് രണ്ട് ലോറികളില്‍ ഇടിച്ചതാണ് അപകട കാരണമായത്. വ്യാഴാഴ്ച പകൽ നടന്ന അപകടത്തിൽ രാത്രിയാണ് വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ വിജയിച്ചത്. മൂന്ന് കെണ്ടയിനര് ലോറികൾ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് തീപിടിക്കുകയും ഒന്ന് മറിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച ഡ്രൈവറെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ടയറുകളാണ് ആദ്യം കത്തിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം നിറുത്തിവെക്കേണ്ടി വന്നു.
ഷാര്‍ജ ഇക്വസ്ട്രിയന്‍ റേസിംഗ് ക്ളബിന് സമീപത്ത് സുബൈര്‍ പ്രദേശത്ത് നിന്ന് റഹ്മാനിയയിലേക്ക് പോകുന്ന ദിശയിലാണ് അപകടം നടന്നത്. സംഭവസമയം മറ്റ് വാഹനങ്ങളും ഇത് വഴി കടന്ന് പോകുന്നുണ്ടായിരുന്നുവെങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സിവില്‍ഡിഫന്‍സും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. വാഹനങ്ങളില്‍ പടര്‍ന്ന തീ ഇന്ധന ടാങ്കിലേക്ക് പരക്കാതിരിക്കാന്‍ സിവില്‍ഡിഫന്‍സ് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചത് കാരണമാണ് അപകടങ്ങളുടെ തോത് കുറക്കാനായത്. വാഹനങ്ങൾ നീക്കിയശേഷം ഗതാഗതം പുനരാരംഭിച്ചു. ശക്തമായ ഗതാഗത കുരുക്കാണ് മേഖലയില്‍ രൂപപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഏറെ നേരമെടുത്താണ് വാഹനങ്ങള്‍ നീക്കം ചെയ്തത്. 50 ഡിഗ്രിക്ക് മുകളിലായിരുന്നു പകല്‍ ഈ പ്രദേശത്തെ താപനില. അന്തരീക്ഷ ഈര്‍പ്പവും പതിന്മടങ്ങ് കൂടുതലായിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ടയറുകളുടെ ഗുണമേന്‍മ യാത്രക്കാര്‍ പരിശോധിക്കണമെന്ന് പൊലീസ് നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. അന്തരീക്ഷത്തില്‍ താപനില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ റോഡുകളില്‍ വരുന്ന മാറ്റം വലുതാണ്. മോശം ടയറുകള്‍ പൊട്ടിത്തെറിക്കാനും വാഹനം മറിയാനും തീപിടിക്കാനും ഇത് വഴിവെക്കുന്നു. ദുബൈയിലെ ഖവാനീജിലും ഷാര്‍ജയിലെ മലീഹയിലെ കഴിഞ്ഞ ദിവസം വാഹനാപകടങ്ങള്‍ നടന്നിരുന്നു.
ഇവിടെയും വില്ലനായത് ടയര്‍ തന്നെ. യാത്രക്കാര്‍ വേനല്‍കാലത്ത് പരമാവധി ജാഗ്രതപാലിച്ചാല്‍ അപകടങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
