യു.എ.ഇ 2022
text_fieldsജനുവരി
●01: വാരാന്ത്യ അവധി വെള്ളിയാഴ്ചയിൽനിന്ന്
ഞായറാഴ്ചയിലേക്ക് മാറ്റി
●01: ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി
●09: പ്രതിഭകൾക്ക് മൂന്ന്വർഷത്തെ ടാലന്റ്
പാസ് ഫ്രീലാൻസ് വിസ പ്രഖ്യാപിച്ചു
●13: ദുബൈ ഇൻഫിനിറ്റി പാലം തുറന്നു
●17: ദുബൈ എക്സ്പോയിൽ സന്ദർശകർ
ഒരു കോടി കവിഞ്ഞു
●17: അബൂദബി നഗരത്തിന് 20 കിലോമീറ്റർ പുറത്ത് മുസഫയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം
●25: ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്
അൽ ഖാസിമി ഷാർജയുടെ അധികാരമേറ്റിട്ട് 50 വർഷം
●29: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി
പിണറായി വിജയൻ ദുബൈയിൽ
ഫെബ്രുവരി
●02: ജോലി സ്ഥലത്തെ വിവേചനം
ഒഴിവാക്കാൻ പുതിയ നിയമം പ്രാബല്യത്തിൽ
●04: ദുബൈ എക്സ്പോയിൽ കേരള വാരം
●15: തുർക്കി പ്രസിഡന്റ് ഉർദുഗാൻ യു.എ.ഇയിൽ;
പതിറ്റാണ്ടിനിടെ ആദ്യ സന്ദർശനം
●18: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും
വലിയ സഫാരി പാർക്കായ ഷാർജ സഫാരി തുറന്നു
●18: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ
കരാർ (സെപ) ഒപ്പുവെച്ചു
●22: ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ തുറന്നു
●26: യു.എ.ഇയിൽ തുറസായ സ്ഥലങ്ങളിൽ
മാസ്ക് ഒഴിവാക്കി
മാർച്ച്
●01: ഇത്തിഹാദ് റയിൽ: അബൂദബി -ദുബൈ
റയിൽ ശൃംഖല നിർമാണം പൂർത്തിയായി
●07: രൂപയുടെ മൂല്യം ഇടിഞ്ഞു. ചരിത്രത്തിലാദ്യമായി
ഒരു ദിർഹമിന് 21 രൂപ
●10: യു.എ.ഇയിൽ റമദാനോടനുബന്ധിച്ച്
100 കോടി ഭക്ഷണപൊതി പദ്ധതി പ്രഖ്യാപിച്ചു
●14: ലോക പൊലീസ് ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം
●19: ദുബൈ എക്സ്പോ സന്ദർശകർ
രണ്ട് കോടി കവിഞ്ഞു
●24: ദീവ ഓഹരി വിൽപന തുടങ്ങി
●24: ബറഖ ആണവോർജനിലയത്തിലെ
രണ്ടാം യൂനിറ്റ് വാണിജ്യ
ഉദ്പാദനം തുടങ്ങി
●26: ദുബൈ ലോകകപ്പ് കുതിരയോട്ടത്തിൽ കൺട്രി ഗ്രാമറിന് കിരീടം
●27: കോവിഡിനെ തുടർന്ന്
ഏർപെടുത്തിയിരുന്ന അന്താരാഷ്ട്ര വിമാന വിലക്ക് നീക്കി
●31: എക്സ്പോ 2020
വിശ്വമേളക്ക് സമാപനം
ഏപ്രിൽ
●01: യു.എ.ഇയിൽ ചരിത്രത്തിലാദ്യമായി ഇന്ധന വില ലിറ്ററിന് നാല് ദിർഹം കടന്നു
●11: യു.എ.ഇയിൽ വിസ
വിവരങ്ങൾ എമിറേറ്റ്സ്
ഐ.ഡിയിൽ
മേയ്
●01: പുതിയ അഞ്ച്, 10 ദിർഹം
നോട്ടുകൾ പുറത്തിറക്കി
●01: ഇന്ത്യ-യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ
●11. ദുബൈ കോഡിങ് പുരസ്കാരം സിറിയൻ അഭയാർഥി മഹമൂദ് ഷഹൂദിന്
●12. ഷാർജ പുസ്തകോത്സവത്തിന് തുടക്കം
●13. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ്
ആൽ നഹ്യാൻ അന്തരിച്ചു
14. യു.എ.ഇയുടെ പുതിയ
പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്ഥാനമേറ്റു
●23. അബൂദബിയിൽ ഗ്യാസ് സംഭരണിയിൽ പൊട്ടിത്തെറി; മൂന്ന് മരണം
●26: എവറസ്റ്റ് കീഴടക്കി ആദ്യ ഇമാറാത്തി വനിത;
നയ്ല അൽ ബലൂഷിയാണ് എവറസ്റ്റിന് മുകളിലെത്തിയത്
●30: എ.ഡബ്ല്യു 609 ടിൽട്രേറ്റർ പറപ്പിക്കുന്ന ആദ്യ വനിതയായി ദുബൈ രാജകുടുംബാംഗം ശൈഖ മോസ ബിൻത് മർവാൻ ആൽ മക്തൂം
●30: അണ്ടർ 19 യു.എ.ഇ ക്രിക്കറ്റ് ടീമിൽ മലയാളി പെൺകുട്ടി ഇഷിദ സഹ്റ ഇടം നേടി
ജൂൺ
●01: അബൂദബിയിൽ ഒറ്റത്തവണ
ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം
●08: വ്യവസായം, സാങ്കേതിക വിദ്യ രംഗങ്ങളിൽ ഇന്ത്യ-യു.എ.ഇ ധാരണ പത്രത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി
●08: ആസ്ട്രേലിയക്കെതിരായ പരാജയത്തെ തുടർന്ന്
ലോകകപ്പ് യോഗ്യത കിട്ടാതെ യു.എ.ഇ പുറത്ത്
●13: ദുബൈ ശൈഖ് മുഹമ്മദ് ബിൻ റാശിദ്
ലൈബ്രറി തുറന്നു
●24: ‘ഗൾഫ് മാധ്യമം’ കമോൺ കേരളക്ക് തുടക്കം
●28: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ
ജൂലൈ
●01: ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന
സഞ്ചികൾക്ക് 25 ഫിൽസ് ഏർപെടുത്തി
●04: യു.എ.ഇയും ഇന്ത്യയും ചേർന്ന് സ്മാരക
സ്റ്റാമ്പ് പുറത്തിറക്കി
●05: രാജ്യത്തെ ആദ്യ റയിൽവേ കടൽപാലം പൂർത്തിയായി
●18: ദുബൈയിൽ മെറ്റാവേഴ്സ് നയം പ്രഖ്യാപിച്ചു
●19: പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ
സായിദ് ഫ്രാൻസിൽ; പത്ത് കരാർ ഒപ്പുവെച്ചു
●23: ഇറാനിൽ ഭൂമി കുലുക്കം; യു.എ.ഇയിൽ പ്രകമ്പനം
●29: കനത്ത മഴ; ഫുജൈറയിൽ വെള്ളപ്പൊക്കം
ആഗസ്റ്റ്
●17: കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലന മത്സരത്തിനായി ദുബൈയിൽ
●18: യു.എ.ഇ ക്രിക്കറ്റ് ടീം നായകനായി
മലയാളിയായ സി.പി. റിസ്വാനെ നിയമിച്ചു
സെപ്റ്റംബർ
●01: ദുബൈ എക്സ്പോ സിറ്റി തുറന്നു
●04: ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്ന സ്റ്റേഡിയം എന്ന റെക്കോഡ്
●11: ദുബൈയിൽ നടന്ന ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ശ്രീലങ്കക്ക് കിരീടം
●13: ‘സാലിക്’ ഓഹരി വിൽപന തുടങ്ങി
●22: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ആദ്യമായി ഒരു ദിർഹമിന് 22 രൂപ കടന്നു
●26: കൂടുതൽ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കി
●27: പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഒമാനിൽ
●28: യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിച്ച് റെയിൽ പദ്ധതിക്ക് ധാരണ
ഒക്ടോബർ
●02: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
●04: ദുബൈയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ജബൽ
അലിയിൽ തുറന്നു
●11: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
ബിൻ സായിദ് റഷ്യയിൽ
●19: ഷാർജയിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിനും ‘ഗൾഫ് മാധ്യമം’ എജുകഫെക്കും തുടക്കം
●25: ദുബൈ ഗ്ലോബൽ
വില്ലേജ് തുറന്നു
നവംബർ
●02: ഷാർജ പുസ്തകോത്സ
വത്തിന് തുടക്കം
●16: അർജന്റീന ഫുട്ബാൾ ടീം അബൂദബിയിൽ; യു.എ.ഇയുമായി സൗഹൃദ മത്സരം
●20: ലോകറെക്കോഡിട്ട് ദുബൈ റൺ; ഓടാനിറങ്ങിയത് 1.90 ലക്ഷം പേർ
ഡിസംബർ
●11: അറബ് ലോകത്തെ
ആദ്യ ചാന്ദ്ര ദൗത്യം ‘റാശിദ് റോവർ’ വിക്ഷേപിച്ചു
●13: സന്ദർശക വിസ
മാറാൻ രാജ്യം വിടണമെന്ന നിബന്ധന വീണ്ടും
നടപ്പാക്കി തുടങ്ങി
പ്ലാസ്റ്റിക് രഹിത യു.എ.ഇ
യു.എ.ഇയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ആവശ്യമായ നടപടികളിലേക്ക് കൂടുതൽ അടുത്തത് കഴിഞ്ഞ വർഷമാണ്. വിവിധ എമിറേറ്റുകളിൽ പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി നിയന്ത്രണങ്ങൾ ഏർപെടുത്തി തുടങ്ങി.
അബൂദബിയിൽ ജൂണ്‍ ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചത്. ഇതുവഴി ആറ് മാസത്തിനിടെ 8.7 കോടി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിച്ചു. പ്ലാസ്റ്റിക്ക് നിരോധനത്തോടെ ചണച്ചാക്കുകള്‍, ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍, പുതിയ പേപ്പര്‍ ബാഗുകള്‍, റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ബാഗുകള്‍ തുണി സഞ്ചികള്‍, അന്നജം അടിസ്ഥാനമാക്കിയുള്ള ബാഗുകള്‍ തുടങ്ങിയവയാണ് എമിറേറ്റില്‍ ബദല്‍ സംവിധാനമായി ഉപയോഗിച്ചുവരുന്നത്.
ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് 25ഫിൽസ് താരിഫ് ഈടാക്കുന്ന നടപടിയാണ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ താരിഫിലൂടെ പുനരുയോഗപ്രദമല്ലാത്ത സഞ്ചികളുടെ ഉപയോഗം പൊതുജനങ്ങൾക്കിടയിൽ കുറച്ചുകൊണ്ടുവരാനാണ് ശ്രമം. പിന്നീട് ഇത്തരം കവറുകളുടെ ഉപയോഗം പൂർണമായും നിരോധിക്കും. പ്ലാസ്റ്റിക് അല്ലാത്ത സഞ്ചികളും താരിഫ് പരിധിയിൽ ഉൾപെടും. 57 മൈക്രോമീറ്റർ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവകൊണ്ട് നിർമ്മിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും നിർബന്ധിത താരിഫ് ബാധകമാക്കി. എന്നാൽ പച്ചക്കറികൾ, പഴങ്ങൾ, മാംസം, മത്സ്യം എന്നിവയുടെ പാക്കിങിന് ഉപയോഗിക്കുന്ന ബാഗുകൾക്ക് താരിഫ് ബാധകമല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന കാരിബാഗുകൾക്ക് മാത്രമാണിത് ബാധകം. സ്റ്റോറുകൾക്ക് പുനരുപയോഗിക്കാവുന്ന ബദലുകൾക്ക് വ്യത്യസ്ത താരിഫ് ഇടാക്കാവുന്നതാണ്. സൗജന്യമായി കവറുകൾ നൽകാൻ സ്റ്റോറുകൾക്ക് ബാധ്യതയില്ല.
ഷാർജയിൽ ഒക്ടോബർ ഒന്ന് മുതൽ പ്ലാസ്റ്റിക് കാരിബാഗിന് ഉപഭോക്താക്കളിൽ നിന്ന് 25 ഫിൽസ് വീതം ഈടാക്കുന്നുണ്ട്. 2024 ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾ പൂർണമായി നിരോധിക്കുന്നതിന് മുന്നോടിയായാണ് പരിഷ്കരണം. ഇത്തരം ഉൽപന്നങ്ങളുടെ നിർമ്മാണവും വിതരണവും ഇറക്കുമതിയും ഈ ഉത്തരവിന്റെ പരിധിയിൽ പെടും. ഇ-കൊമേഴ്സ് ഡെലിവറികള്‍ക്കും താരിഫ് ബാധകമാണ്. ഉമ്മുൽ ഖുവൈനിൽ ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് 25 ഫിൽസ് ഈടാക്കും.
അബൂദബി നാഷനല്‍ അക്വേറിയം
10 വിഭാഗങ്ങളില്‍പ്പെട്ട 330 ഇനങ്ങളിലുള്ള 46000 ജീവികളുമായി സന്ദര്‍കര്‍ക്ക് വിസ്മയക്കാഴ്ചകള്‍ ഒരുക്കുന്ന അബൂദബി നാഷനല്‍ അക്വേറിയം കഴിഞ്ഞ വർഷമാണ് തുറന്നത്. സമുദ്രാന്തര്‍ ഭാഗത്തെ അതേ ആവാസ വ്യവസ്ഥയാണ് അക്വേറിയത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ജലജീവികളെ അടുത്തു കാണാനും തീറ്റ കൊടുക്കാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. സ്രാവുകള്‍ക്കൊപ്പം സ്കൂബ ഡൈവിങ് നടത്താം. ജലത്തിലിറങ്ങി സ്രാവുകള്‍ക്കും ഇതര മല്‍സ്യങ്ങള്‍ക്കും നേരിട്ട് ഭക്ഷണം നല്‍കാം. ഗ്ലാസ് ബോട്ട് ടൂര്‍, കണ്ണാടി പാലത്തിലൂടെയുള്ള സാഹസിക നടത്തം എന്നിവ വേറിട്ട അനുഭവമാണ്.
അബൂദബി പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന്, വംശനാശ ഭീഷണി നേരിടുന്ന ജലജീവികളുടെ പരിപാലനവും അക്വേറിയത്തിന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി 2000 ഓളം കടലാമകള്‍ക്ക് ഇവിടെ സംരക്ഷണം ഒരുക്കിയിട്ടുമുണ്ട്. തെക്കുകിഴക്കനേഷ്യയില്‍ കണ്ടുവരുന്ന നീളമേറിയ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ്, 14 വയസ് പ്രായവും 115 കിലോ തൂക്കവും ഏഴുമീറ്റര്‍ നീളവുമുള്ള സൂപ്പര്‍ സ്നേക്ക് അക്വേറിയത്തിലെ വമ്പനാണ്. സാന്‍ഡ് ടൈഗര്‍, ഹാമ്മര്‍ഹെഡ് ടൈഗര്‍ ഷാര്‍ക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതുമായ അപൂര്‍വം ഇനങ്ങളും ഇവിടെയുണ്ട്.
എം.ബി.ഇസഡ് യുഗം
യു.എ.ഇയിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനും കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചു. ശൈഖ് സായിദിന്റെയും ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെയും പിൻഗാമിയായണ് എം.ബി.ഇസഡ് എന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അധികാരമേറ്റത്. അബൂദബി കിരീടാവകാശി എന്ന പദവിയിൽ നിന്നാണ് യു.എ.ഇ ഭരണത്തിന്റെ തലപ്പത്തേക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് എത്തിയത്.
2003 നവംബറിലാണ് അബൂദബിയിലെ ഡെപ്യൂട്ടി കിരീടാവകാശിയായി നിയമിതനായത്. പിതാവും രാഷ്ട്ര പിതാവുമായ ശൈഖ് സായിദിന്റെ മരണത്തെത്തുടർന്ന് 2004 നവംബറിൽ അബൂദബി കിരീടാവകാശിയായി. 2005 ജനുവരിയിൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായി. കഴിഞ്ഞ വർഷം ജനറൽ പദവിയിലേക്ക് ഉയർത്തി. 2004 ഡിസംബർ മുതൽ അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായും പ്രവർത്തിക്കുന്നു.
അബൂദബി എമിറേറ്റിന്റെ വികസനത്തിലും ആസൂത്രണത്തിനും നിർണായക പങ്കു വഹിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് സുപ്രീം പെട്രോളിയം കൗൺസിൽ അംഗവുമാണ്. ശൈഖ് ഖലീഫ ബിൻ സായിദിന്റെ അനാരോഗ്യത്തെ തുടർന്ന് വിദേശ രാഷ്ട്ര നേതാക്കളെ സ്വീകരിച്ചിരുന്നതും ഔദ്യോഗിക ചർച്ചകൾ നടത്തിയിരുന്നതുമെല്ലാം ശൈഖ് മുഹമ്മദ് ബിൻ സായിദ് ആയിരുന്നു. യു.എ.ഇയെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകും എന്ന പ്രതിജ്ഞയോടെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ആ പ്രതിജ്ഞ നിറവേറ്റുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹത്തിൽ നിന്ന് കണ്ടുവന്നത്.
കുതിച്ചുയർന്ന് ‘റാശിദ് റോവർ’
ലോകത്ത് പുതുചരിത്രമെഴുതി യു.എ.ഇയുടെ ചാന്ദ്ര ദൗത്യമായ ‘റാശിദ്’ റോവർ കുതിച്ചത് കഴിഞ്ഞ മാസമാണ്. അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം ഈ വർഷം ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ. 2021ൽ ചൊവ്വ ദൗത്യം വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് ചരിത്രമെഴുതി റാശിദിന്റെ കുതിപ്പ്. ഐ സ്പേസ് നിർമിച്ച ‘ഹകുട്ടോ-ആർ മിഷൻ-1’ എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാശിദി’ന്റെ കുതിപ്പ്. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റാണ് ‘റാശിദി’നെ വഹിക്കുന്നത്.
ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമാത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.
എക്സ്പോ സിറ്റി തുറന്നു
എക്സ്പോ 2020 അവസാനിച്ചെങ്കിലും മഹാമേള നടന്ന നഗരി എക്സ്പോ സിറ്റിയായി പുനർജനിക്കുന്നതിനും 2022 സാക്ഷ്യം വഹിച്ചു. എക്സ്പായിലെ പ്രധാന പവലിയനുകളായ അലിഫ്, ടെറ എന്നിവയും നിരീക്ഷണ ഗോപുരവും നിലനിർത്തി. വിശ്വമേളക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80ശതമാനവും നിലനിർത്തിയാണ് എക്സ്പോ സിറ്റി സന്ദർശകർക്കായി തുറന്നത്. എക്സ്പോയുടെ നെടുംതൂണായ അൽവസ്ൽ ഡോമും ജൂബിലി പാർക്കുമെല്ലാം നിലനിർത്തിയിട്ടുണ്ട്. ഇവിടെ ലോകകപ്പ് ഫുട്ബാളിന്റെ ഫാൻ സോൺ ഒരുക്കിയിരുന്നു.
പവലിയനുകളിലേക്ക് പ്രവേശനത്തിന് ടിക്കറ്റിന് ഒരാൾക്ക് 50ദിർഹമാണ് നിരക്ക്. വെബ്സൈറ്റിലും എക്സ്പോ സിറ്റിയിലെ നാല് ബോക്സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. 12വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിൽ സൗജന്യമാണ്. സന്ദർശകരെ എക്സ്പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാർഡൻ ഇൻ ദ സ്കൈ’ പ്രവേശനത്തിന് 30ദിർഹമാണ് നിരക്ക്. അഞ്ചള വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ സൗജന്യം. എന്നാൽ നഗരിയിലേക്ക് പ്രവേശനത്തിന് ടിക്കറ്റെടുക്കേണ്ടതില്ല.
ഗൾഫിലെ ഏറ്റവും വലിയ ലൈബ്രറി
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയെന്ന പകിട്ടോടെയാണ് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി ദുബൈയിൽ തുറന്നത്. ദുബൈ ജദഫ് പ്രദേശത്ത് ക്രീക്കിന് സമീപത്തായാണ് ലൈബ്രറി നിർമിച്ചത്. 10ലക്ഷത്തിലേറെ പുസ്തകങ്ങളുണ്ട്. 100കോടി ദിർഹം ചിലവഴിച്ചു. ഏഴ് നിലകളിലായി ഒരു ദശലക്ഷം സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്. എല്ലാ നവീന സൗകര്യങ്ങളും ഒരുക്കിയ ലൈബ്രറിയിൽ ഇ-ബുക്കുകൾ, ഓഡിയോ ബുക്കുകൾ, ബ്രെയ്ലി ബുക്കുകൾ എന്നിവയുടെ ശേഖരവുമുണ്ട്. പൊതുപുസ്തകങ്ങൾക്ക് പുറമെ യുവാക്കൾ, കുട്ടികൾ, ഇൻഫർമേഷൻ, ഭൂപടങ്ങളും അറ്റ്ലസും, മാധ്യമങ്ങളും കലയും, ബിസിനസ്, ഇമാറാത്ത്, ആനുകാലികങ്ങൾ, പ്രത്യേക ശേഖരങ്ങൾ എന്നിങ്ങനെ ഉപ വിഭാഗങ്ങളിലും പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
യു.എ.ഇയെ നയിക്കാൻ മലയാളി നായകൻ
യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളി നായകനായി. കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ സി.പി. റിസ്വാനാണ് ടീം നായകനായി തെരഞ്ഞെടുത്തത്. ഒമാനിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരത്തിലും ലോകകപ്പിലും റിസ്വാൻ യു.എ.ഇയെ നയിച്ചു. റിസ്വാന്റെ നേതൃത്വത്തിൽ ഭേതപ്പെട്ട പ്രകടനം നടത്താനും ടീമിന് കഴിഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമാണ് റിസ്വാൻ. മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിൽ ഇടം നേടിയിരുന്നു. അടുത്ത വർഷം നടക്കുന്ന യു.എ.ഇയുടെ ക്രിക്കറ്റ് ലീഗിലും മൂന്ന് പേരും ഇടം നേടിയിട്ടുണ്ട്. ഐ.പി.എൽ ലേലപ്പട്ടികയിലും ഇവർ ഉണ്ടായിരുന്നു.
വിസ്മയ മേളക്ക് കൊടിയിറക്കം
ആറ് മാസം ലോകത്തെയാകമാനം ദുബൈയിലെത്തിച്ച എക്സ്പോ 2020ക്ക് കൊടിയിറങ്ങിയത് മാർച്ച് 31നാണ്. നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ മഹാമാരി സർവ നാടുകളെയും തളർത്തിയ ഘട്ടത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്ന മഹാമേള സാമ്പത്തിക രംഗത്തുൾപെടെ വൻ ഊർജമാണ് പകർന്നത്. ഒഴുകിയെത്തിയ സന്ദർശകരുടെയും ലോക നേതാക്കളുടെയും എണ്ണം കൊണ്ടും എക്സ്പോ വേറിട്ടുനിന്നു. രണ്ടരക്കോടിയോളം സന്ദർശകരാണ് മഹാമാളക്ക് എത്തിയത്. അക്കൂട്ടത്തിൽ ലോകത്തിലെ മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നെത്തിയ സംഘാടകരെയും പ്രദർശകരെയും നയതന്ത്രജ്ഞരെയും എല്ലാം തൃപ്തിപ്പെടുത്തുന്ന സന്നാഹങ്ങൾ ഒരുക്കാൻ ദുബൈ അധികൃതർക്ക് സാധിച്ചു. ഇന്ത്യയടക്കം വിവിധ ലോകരാജ്യങ്ങളില നിന്നും ഉന്നത ഭരണ നേതൃത്വങ്ങളും എക്സ്പോയിലെത്തി.
പൊതു പവലിയനുകളായ സസ്റ്റൈനബിലിറ്റി, ഓപർചുനിറ്റി, മൊബിലിറ്റി പവലിയനുകളാണ് കാഴ്ചക്കാരെ കൂടുതൽ അൽഭുതപ്പെടുത്തിയത്. നഗരിയിലേക്കുള്ള കവാടങ്ങൾ, അൽ വസ്ൽ പ്ലാസ, റോബോട്ടുകൾ, റിവേഴ്സ് വാട്ടർഫാൾ, ജൂബിലി പാർക്ക് എന്നിവയെല്ലാം വളരെ ആകർഷണീയമായിരുന്നു. സൗദി അറേബ്യ, യു.എ.ഇ, യു.എസ്, റഷ്യ, ഇന്ത്യ, മൊറോക്കോ, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ ഏറെ സന്ദർശകരെ ആകർഷിച്ചത് ശിൽപഭംഗികൊണ്ടുകൂടിയായിരുന്നു.
ഏഷ്യൻ ക്രിക്കറ്റ് കാർണിവൽ
ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ഏഷ്യകപ്പ് ക്രിക്കറ്റ് അരങ്ങേറിയത് യു.എ.ഇയിലാണ്. ഇന്ത്യയും പാകിസ്താനും രണ്ട് തവണ ഏറ്റുമുട്ടിയ ടൂർണമെന്റിൽ ചാമ്പ്യൻമാരായത് ശ്രീലങ്കയാണ്. അഫ്ഗാനിസ്താനും ബംഗ്ലാദേശും ഹോങ്കോങ്ങുമായിരുന്നു മറ്റ് ടീമുകൾ. അട്ടിമറികൾ നിറഞ്ഞ ടൂർണമെന്റിൽ അപ്രതീക്ഷിത കുതിപ്പിലാണ് ലങ്ക കപ്പടിച്ചത്. ഫൈനലിൽ പാകിസ്താനായിരുന്നു എതിരാളികൾ. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം വിരുന്നെത്തിയത്. ദുബൈ, ഷാർജ എന്നിവിടങ്ങളിലായി 13 മത്സരങ്ങൾ നടന്നു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈ സ്റ്റേഡിയത്തിലാണ് നടന്നത്.
വെള്ളിയാഴ്ചയിൽ നിന്ന് ഞായറാഴ്ചയിലേക്ക്
ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി വാരാന്ത്യ അവധി വെള്ളിയാഴ്ചയിൽ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയതിന് 2022 സാക്ഷ്യം വഹിച്ചു. ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനവുമാക്കി. ഷാർജയിൽ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചതോടെ എമിറേറ്റിലുള്ളവർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി ലഭിക്കുന്നുണ്ട്. ആദ്യം സർക്കാർ സ്ഥാപനങ്ങളിലാണ് നടപ്പാക്കിയതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളും അതിവേഗം ഞായറാഴ്ച അവധിയിലേക്ക് മാറി. മറ്റ് രാജ്യങ്ങളിലെ ബാങ്കിങ് ഉൾപെടെയുള്ള ഇടപാടുകളും ബിസിനസും ലക്ഷ്യമിട്ടായിരുന്നു അവധി മാറ്റം. പല എമിറേറ്റുകളിലും സൗജന്യ പാർക്കിങ്, ടോൾ ഉൾപെടെയുള്ളവ വെള്ളിയിൽ നിന്ന് ഞായറിലേക്ക് മാറി. പൊതുഗതാഗത സമയങ്ങളിലും സ്കൂളുകളുടെ പ്രവൃത്തിസമയങ്ങളിലും മാറ്റം വന്നു. ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ ജുമുഅ നമസ്കാരം ഉച്ചക്ക് 1.15 ആക്കി.
വിസ വിവരങ്ങൾ എമിറേറ്റ്സ് ഐ.ഡിയിൽ
പാസ്പോർട്ടിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കി. പുതിയ വിസ എടുക്കുന്നവരുടെ എമിറേറ്റ്സ് ഐ.ഡിയിലാണ് ഇപ്പോൾ വിസ വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഇതോടെ, പാസ്പോർട്ടിലെ പിങ്ക് നിറത്തിലുള്ള വിസ പേജാണ് ഓർമയിലേക്ക് മായുന്നത്. വിദേശത്ത് നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനകമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡിയും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസാ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുങ്ങുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി യു.എ.ഇ എമിറേറ്റ്സ് ഐ.ഡിയും പരിഷ്കരിച്ചു. എമിറേറ്റ്സ് ഐ.ഡി പരിശോധിച്ചാൽ യാത്രക്കാരന്റെ പൂർണ വിവരങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഡിജിറ്റലൈസ് ചെയ്തത്. എമിറേറ്റ്സ് ഐ.ഡി പുതുക്കുന്നവർക്ക് പുതിയ ഡിജിറ്റൽ കാർഡ് നൽകാനും തുടങ്ങി. എമിറേറ്റ്സ് ഐ.ഡിയിൽ പ്രത്യക്ഷത്തിൽ നോക്കിയാൽ ഈ വിവരങ്ങൾ കാണാൻ കഴിയില്ല. എന്നാൽ, ഇതിനുള്ളിൽ അടക്കം ചെയ്തിരിക്കുന്ന ഡാറ്റായിൽ വിവരങ്ങളുണ്ടാകും.
ഇത് ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം’
‘ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം’ എന്ന ഖ്യാതിയോടെ ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ തുറന്നു. 09.09.09 എന്ന അപൂർവം ദിനത്തിൽ ദുബൈ മെട്രോ തുറന്നുകൊടുത്ത ഭരണാധികാരികൾ 22.02.2022നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറും ലോകത്തിന് സമർപ്പിച്ചത്. ഇത് തുറന്ന ശേഷം വിവിധ അന്താരാഷ്ട്ര കോൺഫറൻസുകൾക്ക് മ്യൂസിയം ആതിഥേയത്വം വഹിച്ചു. എക്സിബിഷൻ, ഇമ്മേഴ്സീവ് തിയേറ്റർ തുടങ്ങിയവ സംയോജിപ്പിച്ച സംവിധാനമാണ് കെട്ടിടത്തിനകത്ത്. ഏഴു നിലകളുള്ള ഉൾഭാഗം സിനിമ സെറ്റ് പോലെ താമസിക്കാനും പങ്കുവെക്കാനും സംവദിക്കാനും കഴിയുന്ന സ്ഥലമായാണ് നിർമിച്ചിരിക്കുത്.
ലോക പ്രശസ്ത ഡിസൈനർമാർ ചേർന്നാണ് കെട്ടിടത്തിന്റെ അകത്തെ സൗകര്യങ്ങളും രൂപകൽപന ചെയ്തിട്ടുള്ളത്. മൂന്ന് നിലകളിലെ എക്സിബിഷനിൽ ബഹിരാകാശ സഞ്ചാരം, എക്കോസിസ്റ്റം, ബയോ എൻജിനീയറിങ്, ആരോഗ്യം, ആത്മീയത എന്നീ കാര്യങ്ങൾ വിഷയമായിവരുന്നുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗം പൂർണമായും മനോഹരമായ കലിഗ്രാഫി ചിത്രങ്ങളാലാണ് അലങ്കരിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ദുബൈയുടെ ഭാവിയെ കുറിച്ച് രചിച്ച കവിതയാണ് കലിഗ്രഫിയുടെ ഉള്ളടക്കം. ‘വരുംകാലത്തെ സങ്കൽപ്പിക്കാനും രൂപകൽപന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവരുടേതാണ് ഭാവി. അത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് സൃഷ്ടിക്കേണ്ടതാണ്’ എന്ന അർഥമാണ് എഴുത്തിലെ വരികൾക്കുള്ളത്. 14,000 മീറ്റർ നീളമുണ്ട് ഈ കാലിഗ്രാഫിക്ക്. 77 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ഇതിൽ 17,600 സ്ക്വയർ മീറ്റർ സ്റ്റീലിനാൽ പൊതിഞ്ഞിരിക്കുന്നു.
മാസ്കിൽ നിന്ന് മോചനം
രണ്ട് വർഷമായി ശരീരത്തിന്റെ ഭാഗമായി കൂടെ കൊണ്ടു നടന്ന മാസ്കിനോട് യു.എ.ഇ വിടപറഞ്ഞ വർഷമായിരുന്നു 2022. ഇപ്പോഴും പൂർണമായും മാസ്ക് ഒഴിവാക്കിയിട്ടില്ലെങ്കിലും ഭൂരിപക്ഷം സ്ഥലങ്ങളിലും മാസ്ക് നിർബന്ധമില്ല. ഘട്ടം ഘട്ടമായാണ് യു.എ.ഇയിൽ മാസ്ക് ഒഴിവാക്കിയത്. ആദ്യം തുറസ്സായ സ്ഥലങ്ങളിൽ ഒഴിവാക്കി. പിന്നീട് ഇൻഡോറിലും മാസ്ക് വേണ്ടെന്ന് അറിയിച്ചു. ഇപ്പോൾ ആശുപത്രി പോലുള്ള സ്ഥലങ്ങളിൽ മാത്രമെ മാസ്ക് ആവശ്യമുള്ളൂ.
ദുബൈയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം
ജബൽ അലി ദുബൈയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം തുറന്നുകൊടുത്തു. ബഹുനില ക്ഷേത്രത്തിൽ 16 മൂർത്തികളുടെ പ്രതിഷ്ഠയാണുള്ളത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലെയും പ്രധാന ആരാധനാ മൂർത്തികൾക്ക് പുറമെ സിക്ക് ആരാധനക്കുള്ള സീകര്യവും ക്ഷേത്രത്തിലുണ്ട്. സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി മലയാളികളുടെ പ്രധാന ആരാധനാ മൂർത്തികളുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.
ഓൺലൈൻ ബുക്കിങ് അനുസരിച്ചാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. വിപുലമായ പാർക്കിങ് സൗകര്യവും ആരാധനാ ചടങ്ങുകൾക്കും മറ്റും ഉപയോഗിക്കാൻ പ്രത്യേകമായ ഹാളും ഇതിൽ പണിതിട്ടുണ്ട്. ത്രീഡി പ്രിന്റ് ചെയ്ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാർഥനാ ഹാളിലാണ് പ്രതിഷ്ഠകൾ സ്ഥാപിച്ചത്. വിവിധ ചർച്ചുകളും ഗുരു നാനാക് ദർബാർ ഗുരുദ്വാരയും ഉൾക്കൊള്ളുന്ന ജബൽ അലിയിലെ ‘ആരാധന ഗ്രാമം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം നിലവിലുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടുത്തെ വർധിച്ച തിരക്ക് കൂടി കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമിച്ചത്.
ഇന്ത്യ-യു.എ.ഇ ചരിത്രകരാർ
ഇന്ത്യയും യു.എ.ഇയും തമ്മിലെ വ്യാപാര ബന്ധം ശക്തമാക്കി സമഗ്ര സാമ്പത്തീക സഹകരണ പങ്കാളിത്ത കരാറിൽ (സെപ) ഒപ്പുവെച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഒരുവർഷം മുൻപ് തുടങ്ങിയ ചർച്ചകൾ കരാറായി യാഥാർഥ്യമായതോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള ഇറക്കുമതി തിരുവയിൽ വൻ ഇളവ് ലഭിച്ചു. ഇതോടെ ഇറക്കുമതി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളിലെ രാഷ്ട്ര നേതാക്കൾ ഓൺലൈനിൽ ഒത്തുചേരുകയും മന്ത്രിമാർ ഡൽഹിയിലെത്തി കരാർ ഒപ്പുവെക്കുകയുമായിരുന്നു.
80 ശതമാനം ഉൽപന്നങ്ങളുടെയും തിരുവ കുറയുമെന്നാണ് പ്രഖ്യാപനം. ചരക്ക് നീക്കം വേഗത്തിലാക്കാനും കരാർ ഉപകരിക്കുന്നു. 2021ൽ 60 ശതകോടി ഡോളറിന്റെ ഇടപാടാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ നടന്നത്. യു.എസും (67.4 ശതകോടി ഡോളർ) ചൈനയും (65.1 ശതകോടി ഡോളർ) കഴിഞ്ഞാൽ ഇന്ത്യയുമായി ഏറ്റവുമധികം വ്യാപാര ഇടപാട് നടത്തുന്ന രാജ്യം യു.എ.ഇയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

