വിമാനത്താവളത്തിൽ കുടുങ്ങിയ സുഡാനികൾക്ക് താമസമൊരുക്കി ഷാർജ അധികൃതർ
text_fieldsഷാർജ: വിമാനത്താവളത്തിൽ കുടുങ്ങിയ 13 സുഡാൻ പൗരന്മാർക്ക് താമസവും മറ്റു അടിയന്തര സംവിധാനങ്ങളും ഒരുക്കിനൽകി ഷാർജ അധികൃതർ. സിവിൽ ഏവിയേഷൻ വകുപ്പിന്റെ സഹകരണത്തോടെ ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പാണ് അടിയന്തര സഹായമെത്തിച്ചത്. സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യാത്ര മുടങ്ങിയവർക്കാണ് അധികൃതർ സഹായവുമായി രംഗത്തെത്തിയത്. സുഡാൻ തലസ്ഥാനമായ ഖർത്തൂമിലേക്ക് ഷാർജ വിമാനത്താവളം വഴി പോവുകയായിരുന്നു ഇവർ. ഖർത്തൂം വിമാനത്താവളം നിലവിൽ അടച്ചിട്ടിരിക്കുന്നതിനാൽ യാത്ര മുടങ്ങുകയായിരുന്നു.
ഷാർജയിലെത്തിയ ശേഷം സുഡാൻ പൗരന്മാരുടെ നീക്കം നിരീക്ഷിച്ചുവരുകയായിരുന്നെന്നും ചാരിറ്റബിൾ സ്ഥാപനങ്ങളുമായും ഷാർജ ചാരിറ്റി അസോസിയേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി തുടങ്ങിയവയുമായും സഹകരിച്ചാണ് താമസവും മറ്റു സഹായവും ഏർപ്പെടുത്തിയതെന്നും പൊലീസ് കമാൻഡർ ഇൻ ചീഫും എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് തലവനുമായ മേജർ ജന. സൈഫ് അൽ സാരി അൽ ശംസി പറഞ്ഞു.
ഉയർന്ന നിലവാരത്തിൽ ഹോട്ടൽ താമസസൗകര്യം, അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സജ്ജീകരണം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ എന്നിവയാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. പ്രശ്നത്തിന് ശരിയായ പരിഹാരം ആകുന്നതുവരെ ഇവരുടെ സംരക്ഷണം തുടരുമെന്നും അധികൃതർ പറഞ്ഞു. സുഡാനിലെ നിലവിലെ സാഹചര്യത്തിൽ യാത്രക്കാർക്കും മറ്റുള്ളവർക്കും അത്യാവശ്യമായ സഹായങ്ങൾ നൽകുന്നതിന് ശ്രദ്ധ പുലർത്തുന്നത് തുടരുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

